അടുത്തിടെ, ഒരുപാട് ആഗ്രഹിച്ചു നടത്തിയ, അനുഭവസമ്പന്നമായ ഒരു യാത്രയെ കുറിച്ചാണ് ഈ വിവരണം. സംക്രാന്തി മുതല്‍ ശിവരാത്രി വരെയുള്ള കാലത്ത് മാത്രം ലഭിക്കുന്ന അസുലഭാവസരമാണിത്! അതും പ്രതിദിനം നൂറു പേര്‍ക്കു മാത്രം! അതിലുപരി കോൺക്രീറ്റ് കാടുകളിൽ നിന്നും മഴകാടുകളിലേക്കുള്ള ഒളിച്ചൊടത്തിന്‍റെ കഥയാണിത്! 48 കിലോമീറ്റര്‍ ആണു ഈ ഒളിച്ചോട്ടത്തില്‍ കാല്‍നടയായി താണ്ടാനുള്ളത്! അതും മൂന്നു ദിവസത്തിനുള്ളില്‍ വേണം ! സമുദ്ര നിരപ്പില്‍ 583 മീറ്റര്‍ ഉയരത്തില്‍ നിന്നും തുടങ്ങുന്ന യാത്ര ചെന്നെത്തുന്നത് 1,890 മീറ്റര്‍ ഉയരത്തിലാണ്. കേരളത്തിലെ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കൊടുമുടിയിലെക്കാന്നു യാത്ര. യാത്രാസ്നേഹികള്‍ക്ക് ഒരു പക്ഷെ ലക്ഷ്യം മനസിലായി കാണും. പറഞ്ഞുവരുന്നത് അഗസ്ത്യകൂടം യാത്രയെ പറ്റിയാണ്..

അങ്ങു മലമുകളില്‍ കയറിയാല്‍ പ്രകൃതി പച്ചപട്ടു ധരിച്ചു സുന്ദരിയായി നിലക്കുന്നത് നമുക്കു കാണാം. ഇത്ര സുന്ദരിയായ പ്രകൃതി ഇവിടെ ഉള്ളതു കൊണ്ടായിരിക്കും സ്ത്രീകളെ അഗസ്ത്യവനത്തില്‍ കടത്തി വിടാത്തതു എന്നു തോന്നിപോയി. കോടമഞ്ഞ്‌ ചുറ്റും ഒഴുകി നടക്കുകയായിരുന്നു. കാറ്റ് കോടമഞ്ഞിനെ ഓരോ മലയും കൊണ്ടു പോയി മുക്കും മൂലയും കാണിച്ചു കൊടുക്കുന്നുണ്ട്. സൂര്യന്റെ തീവ്രകിരണങ്ങള്‍ അഗസത്യനെ പേടിച്ചു വഴി മാറി നടക്കുന്നതു കൊണ്ടാണെന്നു തോന്നുന്നു നട്ടുച്ചക്കും മലമുകളില്‍ നല്ല തണുപ്പുണ്ടായിരുന്നു. പച്ചപട്ടുടുത്ത സുന്ദരിയായ പ്രകൃതി,അവയ്ക്കു മാറ്റുകൂട്ടാന്‍ എന്നവണ്ണം പൊന്നരഞ്ഞാണം പോലെ ഒഴുകുന്ന ആറുകള്‍, ഒളിച്ചു കളിക്കുന്ന കോടമഞ്ഞും ,കുളിര്‍ തെന്നലും…. അങ്ങിനെ ഞങ്ങള്‍ അറിഞ്ഞ അഗസ്ത്യകൂടം വര്‍ണ്ണനകള്‍ക്കതീതമാണ്.

(മാതൃഭൂമി യാത്ര മേയ് 2017 )

ഈ യാത്രയുടെ ഒന്നാം ഘട്ടം തുടങ്ങുന്നതു ഫോറസ്റ്റ് ഡിപ്പാര്ട്ടുമെന്റിന്റെ അനുവാദം കിട്ടുന്നതിലാണ്. എല്ലാവര്‍ഷവും ജനുവരി –ഫെബ്രുവരി സമയത്താണ് അനുവാദം നല്‍കുക. ഒരുപാടു പ്രതീക്ഷകളുടെ തേരിലേറിയാണ് ടിക്കറ്റ് ഫോറെസ്റ്റ് ഡിപ്പാര്ട്ടുമെന്റിന്റെ ഓണ്‍ലൈന്‍ സൌകര്യം വഴി ഞങ്ങള്‍ സംഘടിപ്പിച്ചതു. ടിക്കറ്റ് കിട്ടിയതോടെ യാത്രക്കുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ തുടങ്ങി. ദിവസം മിനിമം 6 കിലോമീറ്റര്‍ നടത്തം ശീലമാക്കി.കിട്ടാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം അഗസ്ത്യകൂടം യാത്രയെ കുറിച്ചുള്ള വിവരങ്ങൾ സംഘടിപ്പിച്ചു. ഇങ്ങനെ ട്രക്കിംഗിനു വേണ്ട ഒരുക്കങ്ങൾ സജീവമായി തന്നെ‌ മുന്നോട്ടു പൊയി.

അഗസ്ത്യാര്‍പീഠത്തെ പറ്റി അല്‍പം പറയാം. പുരാണത്തിലെ സപ്തര്‍ഷിമാരിലെ അഗസ്ത്യരുടെ പേരിലാണ് ഈ കൊടുമുടി അറിയപെടുന്നത്. മലയാളികളും തമിഴ്നാട്ടുക്കാരുമായ നിരവധി തീര്‍ത്ഥാടകരുടെ ആരാധനാകേന്ദ്രമാണിത്. ഇതിനു പുറമേ കേരളത്തിലെ മികച്ച ഒരു ട്രെക്കിംഗ് റൂട്ട് കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്നും 1,890 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന കേരളത്തിലെ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കൊടുമുടിയാണ്. അഗസ്ത്യകൂടം. താമരഭരണി, നെയ്യാര്‍, കരമനയാര്‍ തുടങ്ങിയ നദികള്‍ അഗസ്ത്യാര്‍പീഠത്തുനിന്നാണ് ഉത്ഭവിക്കുന്നത്.

നാലു ദിവസം നീളുന്നതായിരുന്നു ഞങ്ങളുടെ യാത്ര.ഞങ്ങള്‍ തയ്യാറാക്കിയ യാത്രായുടെ രൂപരേഖ ചുരുക്കത്തില്‍ പറയാം.2016 മാര്‍ച്ച് 5നു വെള്ളിയാഴ്ച വൈകീട്ടു തിരുവനന്തപുരത്ത് എത്തുക. തുടര്‍ന്നു തമ്പാനൂരില്‍ നിന്നും നമ്മുടെ സ്വന്തം KSRTC യില്‍ വിതുരയില്‍ എത്തിചേരുക. അവിടെ താമസം. പുലര്‍ച്ചെ ബോണക്കാട് ഫോറെസ്റ്റ് ഓഫീസില്‍ എത്തണം. തുടര്‍ന്നു അധികാരികളുടെ അനുവാദം വാങ്ങി കാടു കയറുക. 18 കിലോമീറ്റര്‍ കാലനടയായി സഞ്ചരിച്ചു വൈകുന്നേരം ആകുമ്പോഴെക്കും അതിരുമല ക്യാമ്പില്‍ എത്തുക. രാത്രി അവിടെ തങ്ങി, രാവിലെ അഗസ്ത്യകൂടത്തിലേക്ക് 6 കിലോമീറ്റര്‍ നീളുന്ന കാനന പാതയിലൂടെ മല കയറുക. മാമുനിയെ തൊഴുതു, പാണ്ഡവന്‍പാറയെ കണ്ടു ,കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഉച്ചയോടെ തിരിച്ചിറക്കം. അന്നത്തെ താമസം വീണ്ടും അതിരുമല ക്യാമ്പില്‍ . രാത്രി അതിരുമലയില്‍ ശിവരാത്രി പ്രമാണിച്ചുള്ള കണി സമുദായക്കാരുടെ ഉത്സവം കാണുക. പിറ്റേന്ന് രാവിലെ തിരിച്ചിറക്കം. ബോണക്കാട് ഫോറെസ്റ്റ് ഓഫീസിലേക്ക് ഉച്ചയോടെ എത്തും. അങ്ങിനെ മൊത്തം 48കിലോമീറ്റര്‍ നടത്തം. അവിടെ നിന്നും വിതുര. പിന്നെ തമ്പാനൂര്‍.തിരുവനന്തപുരം. അതായിരുന്നു രൂപരേഖ.

ദിവസം 1 – വിതുര
—————–
നേരത്തെ പറഞ്ഞ പോലെ തന്നെ തമ്പാനൂര്‍ KSRTC ബസ് സ്റ്റാന്റില്‍ വൈകീട്ടു 7PM മണിയോടെ തന്നെ ഞങ്ങള്‍ എല്ലാവരും എത്തിചേര്‍ന്നിരുന്നു.വിതുരയില്‍ ഒരു ഹോട്ടല്‍ ഞങ്ങള്‍ ഒരു മാസം മുന്‍പേ ബുക്ക്‌ ചെയ്തിരുന്നു . അവിടെ ലക്ഷ്യം വച്ചു 9.40 PM ഉള്ള നെടുമങ്ങാട് വഴിയുള്ള ആനവണ്ടിയില്‍ കയറി.11.30 PM ഓടെ നെടുമങ്ങാട് എത്തിച്ചേര്‍ന്നു.

രാവിലെ 5 AMനും 5.30AM നും തമ്പാനൂരില്‍ നിന്നും ഓരോ ബസ്‌ വീതം ബോണക്കാട് ബസ്‌സ്റ്റാന്ടിലേക്ക് പുറപ്പെടുന്നുണ്ട്. അതാണ്‌ അഗസ്ത്യാര്‍കൂടത്തില്‍ പോകുന്നവര്‍ പൊതുവേ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് ബോനക്കാട്ട് ഫോറെസ്റ്റ് ഓഫീസില്‍ നേരിട്ടു പോകാവുന്നതാണ്.

ദിവസം 2: വിതുര to ബോണക്കാട് to അതിരുമല

———————————————

പുലര്‍ച്ചെ 5AM മണിയോടെ തന്നെ എല്ലാവരും എഴുന്നേറ്റു. രാവിലെ ബോണക്കാട് ബസ്‌സ്റ്റാന്ടിലേക്ക് തമ്പാനൂരില്‍ നിന്നും പുറപ്പെടുന്ന ബസില്‍ വിതുരയില്‍ നിന്നും കയറാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. ഞങ്ങളുടെ ഭാഗ്യത്തിനു ജീപ്പ് കിട്ടി. ജീപ്പ് ആണെങ്കില്‍ രണ്ടുണ്ട് കാര്യം. ഒന്നാമത് ബസിനെ അനിശ്ചിതമായി കാത്തുനില്‍ക്കണ്ട ആവശ്യമില്ല. രണ്ടാമത് ബസ്‌ ബോണക്കാട് ബസ്‌സ്റ്റാന്റ് വരെയേ പോവൂ. പിന്നെയും കിലോമീറ്ററുകള്‍ കിടക്കുന്നു ഫോറെസ്റ്റ് ഓഫീസിലേക്ക്. സാദാരണഗതിയില്‍ നടന്നു പോവേണ്ട ആ ദൂരം ലാഭിക്കാം.6AM നു തുടങ്ങിയ ജീപ്പ് യാത്ര 7AM ഓടെ ബോണക്കാട് ഫോറെസ്റ്റ് ഓഫീസില്‍ എത്തി.

പ്രഭാത ഭക്ഷണം ഫോറെസ്റ്റ് ഓഫീസിന്റെ മുന്നിലെ മെസ്സില്‍ നിന്നായിരുന്നു. ഉച്ചഭക്ഷണവും അവിടെ നിന്നും പൊതിഞ്ഞു വാങ്ങി. അതിനിടയില്‍ പേരുകള്‍ രെജിസ്റ്ററില്‍ എഴുതി, ഒപ്പിട്ടു കൊടുത്തു. 8.45 AM ഓടെ കാടു കയറാന്‍ അനുവാദം തന്നു.ഒരു ഗൈഡിനെയും ഞങ്ങള്‍ക്ക് തന്നു. ആദ്യത്തെ അരുവിയായ കരമനയാര് വരെ ഈ ഗൈഡ് കാണുമെന്നു അറിയിച്ചു.

സാധാരണ ഗൈഡ് ആയി വരുന്നത് പഴയ തോട്ടം തൊഴിലാളികളും, കണി സമുദായക്കരുമാണ്. അവര്‍ക്ക് ഈ ജോലി രണ്ടു മാസക്കാലം സ്ഥിരവരുമാനത്തിനുള്ള വകയാണ്. അതിനു ശേഷം എന്തെങ്കിലും കൂലി പണിക്കു പോവണം! പണ്ട് ബോണക്കാട് നല്ല നിലയില്‍ പ്രവര്‍ത്തിച്ച തോട്ടം ഉണ്ടായിരുന്നു. തൊഴിലാളി പ്രശ്നങ്ങളും, മറ്റും കാരണം അതു നഷ്ട്ടത്തിലായി പൂട്ടിയതാണ്. നഷ്ട്പ്രതാപം കാണിച്ചു കൊണ്ടു ബോണക്കാട് അവരുടെ കെട്ടിടസമുച്ചയം ജീപ്പില്‍ വരുമ്പോള്‍ കണ്ടിരുന്നു.
അതിരുമലയ്ക്ക് പോകുമ്പോള്‍ മൂന്ന് ആറുകളാന്നു ആദ്യദിനം കടക്കാനുള്ളത്. കരമനയാര്‍, വാഴപ്പൈന്തി, അട്ടയാര്‍ എന്നിവയാണ് ആ പുഴകള്‍. കാട്ടിലും മീനമാസത്തിലേക്ക് കടക്കുന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങിരുന്നു. അരുവികളില്‍ വെള്ളം കുറവാണ്. ആദ്യം കണ്ടത് കരമനയാര് ആണു. അപ്പോള്‍ യാത്ര തുടങ്ങി ഒന്നൊര മണിക്കൂര്‍ അയതേ ഉള്ളൂ. ഞങ്ങള്‍ 5 കിലോമീറ്റര്‍ ദൂരം നടന്നിരുന്നു. തിരുവനന്തപുരത്തെ പ്രശസ്തമായ കരമാനയാരും, ഈ കാണുന്ന കരമാനയാരും തമ്മില്‍ പേരിലുള്ള സാമ്യം അല്ലാതെ വേറെ ബന്ധമോന്നുമില്ല. വെള്ളം കുറവായത് കൊണ്ടു കുളിക്കാന്‍ തോന്നിയില്ല. മുകളറ്റം കാണാനാവാത്ത വന്‍മരങ്ങള്‍ക്കു ഇടയിലൂടെയാണ് നടത്തം. മരങ്ങള്‍ ആകാശം മുട്ടുന്നുണ്ടോ എന്ന സംശയം പലപ്പോഴും തോന്നി .

സമയം 11AM ആയപ്പോഴേക്കും അടുത്ത അരുവിയുടെ അടുത്തെത്തി-വാഴപ്പൈന്തി. ഇവിടെ അത്യാവശ്യം വലിയ ഒരു വെള്ളച്ചാട്ടം ഉണ്ട്. അങ്ങിനെ ഞങ്ങളുടെ പള്ളിനീരാട്ട് തുടങ്ങി . തുടര്‍ന്നു അട്ടയാര്‍ ലക്ഷ്യം വെച്ചു നടന്നു. പൊതിഞ്ഞു കൊണ്ടു വന്ന ഉച്ചഭക്ഷണം അവിടെ വെച്ചു കഴിക്കണം. അട്ടയാര്‍ എത്തിയപ്പോള്‍ വെള്ളച്ചാട്ടം കാണാനില്ല.എന്നാല്‍ മഴകാലത്ത് ഒരു വലിയ വെള്ളച്ചാട്ടം ഉണ്ടാവുന്ന ഭൂപ്രകൃതിയാണ്. കാണിസമുദായകരുടെതായ ഒരു താല്‍കാലിക കൂടാരം അവിടെ കണ്ടു. ഫോറെസ്റ്റ്കാരുടെ ക്യാംപ് ആണെന്ന് തോന്നുന്നു. വലിയ ഭീമാകാരന്മായ പാറകള്‍ കൊണ്ടു അവിടം നിറഞ്ഞിരിക്കുകയാണ്. ഓരോ പാറയും നമുക്ക് ഡയിനിംഗ് ടേബിള്‍ ആയി ഉപയോഗിക്കാം. അങ്ങിനെ കാടിലെ മേശപുറത്ത്‌ ഇരുന്നുകൊണ്ട് ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു തുടങ്ങി.ഊണ് ആയിരുന്നു പൊതിഞ്ഞു കൊണ്ടുവന്നത്. ഓലയില്‍ പൊതിഞ്ഞ ചോറും, കൂടെ വച്ച കറികള്‍ക്കും നല്ല രുചി. കാട്ടിലെ സദ്യ ഗംഭീരം….1 PM വരെ ഞങ്ങള്‍ അവിടെ ചിലവഴിച്ചു.

വിശ്രമം അധികനേരം തുടര്‍ന്നില്ല. ഇനിയും കാതങ്ങള്‍ നടന്നു തീര്‍ക്കാനുണ്ട്. ഇനിയുള്ളത് പുല്‍മേടുകള്‍ ആണു. സൂര്യന്‍ തലയ്ക്കു മുകളില്‍ ഉയര്‍ന്നു നില്‍പ്പുണ്ട്. ദൂരെ മലകള്‍ നിരവധിയുണ്ട്, ഞങ്ങള്‍ക്ക് കീഴടക്കാന്‍ ആയി നില്‍ക്കുന്നതു. ദൂരെ അഗസ്ത്യകൂടം കാണാം! പാണ്ഡവന്‍ പാറയും കാണാം! സൂര്യന്റെ കണ്ണില്‍ നിന്നും ജലപാതകളെ രക്ഷിക്കാനാണോ ഭൂമീദേവി പച്ച പരവതാനി വിരിച്ചു വച്ചിരിക്കുന്നതു എന്നു പുല്‍മേടകള്‍ കണ്ടപ്പോള്‍ സംശയിച്ചുപോയി!

അര മണിക്കൂര്‍ പുല്‍മേടുകളില്‍ കൂടി നടന്നു കാണും. പുല്‍മേട് അവസിക്കുന്നിക്കുന്നിടത് അല്‍പം കുത്തനെയുള്ള ഒരു കയറ്റമാണ്. അവിടെ ഒരു പുല്‍കുടിലില്‍ ഞങ്ങളെ നോക്കി കൊണ്ടു ഒരു പച്ചവസ്ത്ര ധാരിയുണ്ടായിരുന്നു. അതെ ഗൈഡ് തന്നെ. അല്‍പം കുശലം പറഞ്ഞു. ഞങ്ങള്‍ വന്ന വഴി മൊത്തം അവിടെ നിന്ന് കാണാം. തത്രപ്രധാനഇടമാണ്! തരുണ്‍ ക്യാമറ എടുത്തു… കൂട്ടത്തിലെ തല മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ അവനാണ്.

ഞങ്ങള്‍ ഇനിയുള്ള അകലം അന്വേഷിച്ചപ്പോള്‍ അതിരുമലക്കു രണ്ടു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ എന്നറിഞ്ഞു!!!! അതിരുമല ക്യാമ്പിലാണ് ഞങ്ങളുടെ ഇന്നത്തെ താമസം. “അപ്പോള്‍ അരമണിക്കൂരില്‍ എത്താം അല്ലെ ?”. ചോദ്യം ആരുടെതായിരുന്നു. അരവിന്ദ്‌ ആണെന്ന് തോന്നുന്നു ചോദിച്ചത്. ഇത്രവേഗം അതിരുമലക്ക് സമീപം എത്തിയ കൌതുകം ആയിരുന്നു എല്ലാവര്‍ക്കും. ഗൈഡ് ഒന്നു ചിരിച്ചോ?
ഇനിയുള്ള കയറ്റം അല്‍പം നിബിടവനത്തിനുള്ളില്‍ കൂടിയാണെന്ന് കൂടുതല്‍ സംസാരിച്ചപ്പോള്‍ മനസിലായി. ഇതുവരെ യാത്രയില്‍ ആരും കാര്യമായി ക്ഷീണം അറിഞ്ഞിട്ടില്ല. ഇടക്ക് വീശുന്ന നനുത്ത ഇളം കാറ്റ് ക്ഷീണത്തെ ഞങ്ങളറിയാതെ മാച്ചുകളയുന്നതാണ്. ഇനിയുള്ള കാതങ്ങള്‍ ഞങ്ങളുടെ ആരോഗ്യക്ഷമത കാടു പരിശോധിക്കാന്‍ പോവുകയായിരുന്നു. അതു മനസിലാക്കാന്‍ അതിരുമല വരെ എത്തേണ്ടി വന്നില്ല.
കയറ്റം കയറുമ്പോള്‍ കാല്‍മുട്ട് പലപ്പോഴും നെഞ്ചില്‍ തട്ടിയോ എന്നു തോന്നിപോയി. എത്ര നടന്നിട്ടും രണ്ടു കിലോമീറ്റര്‍ കടക്കുന്നില്ല. മുട്ടിടിച്ച്ചാന്‍ മല എന്നായിരുന്നു ഈ മലയുടെ പേര് . സംഭവം സത്യമാണ്. അറിഞ്ഞിട്ട പേര് തന്നെ. ഒരു കാൽ വെയ്ച്ചു കഴിഞ്ഞാൽ അടുത്ത കാൽ മുട്ടൊപ്പം ഉയരത്തിൽ വെയ്ക്കണം. അത്ര കീഴ്ക്കാംതൂക്കായ മലയാണിത്. അങ്ങിനെ അവസാന രണ്ടര കിലോമീറ്റര്‍ കടക്കാന്‍ 2 മണിക്കൂര്‍ വേണ്ടി വന്നു. 3.15 PM ഓടു കൂടി ‘അതിരുമല – ക്യാമ്പ്‌ 6’ എന്ന ബോര്‍ഡിന്‍റെ അടുത്തെത്തി.

ക്യാമ്പില്‍ അനുമതിപത്രം(Permission Letter) ഏല്‍പ്പിച്ചു പായ വാങ്ങി.ഒരു പായ രണ്ടാള്‍ക്കായാണ് തരുക.10 പായ അവിടെയിടാം. അതായത് 20 പേര്‍ക്ക് അവിടെ കിടക്കാം.അവിടെ പ്രവര്‍ത്തിക്കുന്ന മെസില്‍ പോയി ചുക്ക് കാപ്പി വാങ്ങി കുടിക്കുക ആയിരുന്നു അടുത്ത പ്രവ്യത്തി. 18 കിലോമീറ്റര്‍ നടന്നു വന്ന ശേഷം കുടിച്ച ആ ചുക്കു കാപ്പിക്കു രുചി അല്‍പ്പം കൂടുതല്‍ തന്നെ ആയിരുന്നു. ബോണക്കാടിനെക്കാളും 588 മീറ്റര്‍ ഉയരത്തില്‍ ആണു ആണു ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത്. സ്വാഭാവികമായും കാപ്പിക്ക് രുചി കൂടും. ഉയരം കൂടിയാല്‍ ചായയുടെ രുചി കൂടുമെന്ന് ലാലേട്ടന്‍ പറഞ്ഞിട്ടുണ്ട്.രുചി മാത്രമല്ല വിലയും കൂടുതല്‍ ആയിരിക്കുമെന്ന് മനസിലായി. കഞ്ഞിക്കു 80 രൂപയും ചുക്ക്കാപ്പിക്കു 15 രൂപയും ആയിരുന്നു. 18 കിലോമീറ്റര്‍ നട്ടന്നാണ് സാധനങ്ങള്‍ ഇവിടെ എത്തിക്കുന്നത്. സ്വാഭാവികമായും വില കൂടും. പരാതി ഒന്നും തോന്നിയില്ല.

ഇനി ക്യാമ്പിനെ പറ്റി അല്‍പം പറയാം. കാട്ടാനയെ പ്രതിരോധിക്കാന്‍ കൂടാരങ്ങള്‍ക്കു ചുറ്റും വലിയ കിടങ്ങുകള്‍ തീര്‍ത്തിട്ടുണ്ട്. മൊത്തം അഞ്ചു ഷെഡുകള്‍ ആണു താമസിക്കാനായി അവിടെ ഉള്ളത്.പിന്നെ ഇടിഞ്ഞു പൊളിഞ്ഞ ഒരു സിമെന്റ് കെട്ടിടവും. ഷെഡുകള്‍ അലുമിനിയം തകിടും ,മരവും വെച്ച് ഉണ്ടാക്കിയ താല്‍കാലിക ഒരുക്കമാണ്. അവിടെ 10 ഓളം ടോയ്‌ലറ്റുകളും കുളിമുറികളും ഉണ്ട്. ദിവസേന 100 പേരെയാണ് ബോന്നക്കാട്ടില്‍ നിന്നും കടത്തി വിടുക . എന്നാല്‍ അഗസ്ത്യകൂടം കണ്ടു വരുന്നവരില്‍ മിക്കവാറും പേരു അടുത്ത ദിവസം ആണു യാത്ര തിരിക്കുക.ചുരുക്കത്തില്‍ 150 പേരെങ്കിലും ദിവസേന അവിടെ കാണും. ഇക്കോ ഡവലപ്പ്മെന്‍റ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടത്തുന്ന തദ്ദേശീയരായ ആളുകളുടെ സഹകരണത്തില്‍ നടത്തുന്ന ഒരു കാന്റീന്‍ ഉണ്ടവിടെ. ഭക്ഷണം നേരത്തെ തന്നെ പറയണം. രാത്രിക്കുള്ള കഞ്ഞി അവിടെ ചെല്ലുമ്പോള്‍ തന്നെ ടോക്കന്‍ എടുക്കണം. അതു പോലെ അടുത്ത ദിവസത്തേക്കുള്ള ഭക്ഷണവും തലേ ദിവസം ടോക്കന്‍ എടുത്തു വെക്കണം ഭക്ഷണം ഉണ്ടാക്കാന്‍ ഉള്ള കണക്കെടുപ്പ് ആണത്.

ക്യാമ്പിനു അടുത്തു തന്നെ ഒരു അരുവിയുണ്ട് . കുളി അവിടെയാക്കാം എന്ന ധാരണയോടെ അരുവി ലക്ഷ്യമാക്കി നടന്നു. അവിടെ നിന്നും നോക്കിയാല്‍ അഗസ്ത്യാര്‍കൂടം കാണാം. അരുവിയില്‍ ഒഴുക്ക് കുറവാണ്. അവിടെയും അരുവിയിലെ കുളി ബഹു വിശേഷം തന്നെ. എഴുന്നേറ്റു പോരാന്‍ തോന്നിയില്ല എന്നു തന്നെ പറയാം. കുളി കഴിഞ്ഞു പോരാന്‍ നോക്കിയപ്പോളെക്കും അഗസ്ത്യരെ കോട മൂടിയിരുന്നു. കോട അഗസ്ത്യനെ മൂടുന്നതു ഒരു കാണേണ്ട കാഴ്ച തന്നെയാണ്. മെസ്സില്‍ 7PM മണിക്ക് കഞ്ഞി കൊടുത്തു തുടങ്ങിയിരുന്നു. കഞ്ഞിയുടെ കൂടെ പയറും, അച്ചാറും, പപ്പടവും കിട്ടി. നല്ല പെരുമാറ്റം. നല്ല ഭക്ഷണം.ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ സംതൃപ്തി തോന്നി…

വേഗം പോയി കിടക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു ഞങ്ങള്‍. രാവിലെ നേരത്തെ എണീറ്റില്ലെങ്കില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് കാട്ടില്‍ പോവേണ്ടി വരും. ക്യാമ്പില്‍ മോട്ടോര്‍ ഇല്ല. അരുവിയില്‍ നിന്നും പൈപ്പ് ഇട്ടാണ് വെള്ളം ശുചിമുറികളില്‍ എത്തിക്കുന്നത്. വെള്ളം തീര്‍ന്നാല്‍ ശേഷം ചിന്തനീയം. കാടു തന്നെ ശരണം. 5.30 AM നു അലാറം വെച്ചു. നേരത്തെ എണീക്കണം എന്നാലെ വെയില്‍ ആവുന്നതിനു മുന്‍പ് യാത്ര തിരിക്കാന്‍ പറ്റൂ. പ്രഭാത ഭക്ഷണം 6.30 AM നു കിട്ടും.എന്നാല്‍ 7 AM കഴിയാതെ ക്യാമ്പ് അധികൃതര്‍ ആരെയും പുറത്ത് വിടില്ല. അങ്ങിനെ യാത്രയുടെ രണ്ടാം ദിനം അവസാനിച്ചു. കിടക്കുമ്പോള്‍ വലിയ തണുപ്പു തോന്നിയിരുന്നില്ല. എന്നാല്‍ പുലര്‍ച്ചെ നല്ല തണുപ്പായിരുന്നു. അഗസ്ത്യകൂടത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ തണുപ്പില്‍ നിന്നു രക്ഷ തേടാന്‍ വസ്ത്രം കരുതുന്നത് നല്ലതാണ്.

ദിവസം 3 :അതിരുമല to അഗസ്ത്യകൂടം /തിരിച്ചിറക്കം
————————————————-

പ്രഭാതത്തില്‍ സൂര്യരശ്മിയും, മഞ്ഞിന്‍കണവും ഇണ ചേരുമ്പോള്‍ വിടരുന്ന വര്‍ണ്ണാഭമായ പ്രകൃതിയെ അനുഭവിച്ചു കൊണ്ടു ഉണര്‍ന്നു. സമയം 5.20AM ആയതേയുള്ളൂ. കുറെ ആളുകള്‍ എണീറ്റിട്ടുണ്ടെന്നു തോന്നുന്നു. ആരൊക്കെയോ ഉച്ചത്തില്‍ സംസരിക്കുന്നുണ്ട്. ഷെഡില്‍ നിന്നും പുറത്തു ഇറങ്ങി നോക്കിയപ്പോള്‍ കുളിക്കാന്‍ പുഴയില്‍ പോവന്നവരെയും, യോഗ ചെയ്യുന്നവരെയും കണ്ടു. കാന്റീന്‍ തുറന്നിട്ടുണ്ട് . പല്ല് തേച്ച ശേഷം ഒരു ചുക്കു കാപ്പി വാങ്ങി കുടിച്ചു. ടോയിലേറ്റിന്റെ അടുത്ത് അധികം ആളുകള്‍ ഇല്ലാതിരുന്നത് കൊണ്ടു പ്രഭാത കൃത്യങ്ങള്‍ എല്ലാം 6 മണി ആകുമ്പോഴെക്കും കഴിഞ്ഞു. 7പേര്‍ക്കു 14 പായ്ക്കറ്റ് പ്രഭാതഭക്ഷണം ഞങ്ങള്‍ കാന്റീനില്‍ നിന്നും വാങ്ങിയിരുന്നു. ഒരാള്‍ക്ക് രണ്ടെണ്ണം വീതം. ഒന്നു രാവിലെ കഴിക്കാനാണ്. മറ്റൊന്ന് ഉച്ചഭക്ഷണം ആയി ഉപയോഗിക്കാനും. തിരിച്ചെത്താന്‍ വൈകും .ഇതിനിടയില്‍ ഭക്ഷണം എവിടെനിന്നും കിട്ടില്ല. ഇന്നത്തെ മലകയറ്റത്തില്‍ വെള്ളം കിട്ടാന്‍ വരെ പ്രയാസമാണ്. പൊങ്കാല പാറക്കു സമീപം ഒരു അരുവിയുണ്ട്. അതും മാര്‍ച്ച് ആയതു കൊണ്ടു വറ്റി തുടങ്ങിയിട്ടുണ്ടാവും. അതിനാല്‍ വെള്ളവും ആവശ്യത്തിനു എടുക്കണം. എല്ലാവരും ഭക്ഷണം കഴിച്ചു വന്നപ്പോളേക്കും സമയം 7.45 AM. വഴിയില്‍ നാഗരെ തൊഴുതു യാത്ര തുടങ്ങി.

വായിച്ചും ,കേട്ടും ഉള്ള അറിവു വെച്ചു ഇന്നത്തെ യാത്ര കഠിനം തന്നെയാണ്. 6 km ഉണ്ടെന്നാണ് കേട്ടത് . അതിനു 5 മണിക്കൂര്‍ എടുക്കും. കുത്തനെ ഉള്ള കയറ്റങ്ങള്‍ ആണു ഇന്നു ഞങ്ങളെ കാത്തിരിക്കുന്നത്. കരടിയുടെ ആവാസ മേഖല വഴിയാണ് യാത്ര. നല്ല വണ്ണം ഈറ്റ ഉള്ള സ്ഥലമാണ്. ആനയും കാണും അവിടെ. ഒരു മാതിരി മൃഗങ്ങള്‍ എല്ലാം മനുഷ്യഗന്ധം വന്നാല്‍ ഉള്‍കാടുകളിലേക്ക് പോവും. കുരങ്ങന്‍മാരെ പോലും കാണാന്‍ കിട്ടില്ല. പിന്നെ ശിവരാത്രി കഴിഞ്ഞേ എല്ലാവരും തിരിച്ചു വരൂ. എന്നാല്‍ ആനയും, കരടിയും, കാടുപോത്തും രാവിലെയും സന്ധ്യക്കും ഇറങ്ങും.അതു കൊണ്ടാണ് 7AM നു മുന്‍പ് അതിരുമല ക്യാമ്പില്‍ നിന്നും ആരെയും പുറത്തേക്ക് വിടാത്തത്‌.

ഇന്നത്തെ യാത്ര അപൂര്‍വ്വ പച്ചമരുന്നുകള്‍ നിറഞ്ഞ കാട്ടിലൂടെയാണ്. വന്‍ മരങ്ങളുടെയും പാറകെട്ടുകളിലൂടെയും ഉള്ള നടത്തമാണ് പ്രധാനം. കുത്തനെയുള്ള കയറ്റങ്ങള്‍ ആരുടേയും ആരോഗ്യക്ഷമതയെ ഒന്നു പരീക്ഷിപ്പിക്കും. ഏതെങ്കിലും മൃഗങ്ങള്‍ നമ്മുടെ അടുത്ത് എത്തിയാല്‍ പോലും അറിയില്ല. അത്രയ്ക്ക് ഇടതൂര്‍ന്ന വനമാണ്. വഴി പലപ്പോഴും മാറിപോവാന്‍ സാധ്യതയുണ്ട്.

പൊങ്കാല പാറയാണ് അടുത്തത്. ആദ്യമായി മല കയറുന്ന വിശ്വാസികള്‍ പൊങ്കാല ഇടുന്ന പതിവു അവിടെയുണ്ട്. അവിടം കരടികളുടെ ഇടം ആണു. ഇടക്കു ഈച്ച ആറുന്ന മൃഗകാഷ്ട്ടം കണ്ടു. ഞങ്ങള്‍ക്ക് മുന്‍പേ ഏതോ മൃഗവും കടന്നു പോയിട്ടുണ്ട്. അധികനേരം അവിടെ നില്ക്കുന്നത് പന്തിയല്ല. കല്ലാന അഥവാ തുമ്പിയാനയെ കാണാനാവുമെന്ന പറയുന്ന ഇടവുംകൂടിയാണിത്. ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍പ്പെട്ട അനേകം ചെടികളെ ഈ പാറകളില്‍ ഞങ്ങള്‍ കണ്ടു. അവയില്‍ പലതും, ബോണ്‍സായി മാതിരി, വളരെ വലുപ്പം കുറഞ്ഞാണ് കാണപ്പെട്ടത്.ഒരു ബോണ്‍സായി വനം.

ഇനിയാണ് യാത്രയിലെ നമ്മുടെ മനശക്തി പരിശോടിക്കുന്ന ഇടം! ചെങ്കുത്തായ പാറകളില്‍ കയറാന്‍ മൂന്ന് ഇടത്ത് കയറു ഇട്ടിരിക്കുന്നു. ഒന്നു കയറിയലെ അടുത്തതു കാണാനാവൂ. കയറാനുള്ള ധൈര്യമുണ്ട്. പക്ഷെ തിരിച്ചു വരുമ്പോള്‍ എങ്ങിനെ ഇറങ്ങും എന്നതാണ് ചോദ്യം? മൂന്നു പാറകെട്ടുകള്‍ നമ്മുടെ ധൈര്യത്തെ ചോദ്യം ചെയ്തു കൊണ്ടാനു മുന്നില്‍ നില്‍ക്കുന്നത്. ആദ്യത്തേത് ഉയരം കൂടുതലാണ് എന്നാല്‍ കയറു പിടിച്ചു കയറാന്‍ എളുപ്പമാണ്. ധൈര്യം വേണമെന്നേ ഉള്ളൂ. രണ്ടാമത്തേത് ഉയരം കുറവാണ് എന്നാല്‍ കയറാന്‍ ബുദ്ധിമുട്ടാനു.കാലു വെക്കാന്‍ വിടവുകള്‍ ഒന്നുമില്ല. മൂന്നാമത്തെത്തില്‍ എളുപ്പത്തില്‍ കയറാം.എന്നാല്‍ കയറില്‍ നിന്നും പിടി വിട്ടാല്‍ അല്ലെങ്കില്‍ തലയൊന്നു കറങ്ങിയാല്‍, താഴെ കൊക്കയില്‍ കിടക്കാം. ഇവിടെ വരാന്‍ തീരുമാനിച്ച നേരത്തെ ഒരു നിമിഷം ഓര്‍ത്തു. 70 ഡിഗ്രി ചരിവു കാണും കയറേണ്ട ഓരോ പാറയിലും. വേണ്ടിയിരുന്നോ ഈ സാഹസം? തിരിച്ചു വീട്ടുകാരെ കാണാന്‍ പറ്റിയാല്‍ മതി. അങ്ങിനെ ആലോചിച്ചു നില്‍ക്കുമ്പോള്‍ ഒരു അപ്പൂപ്പന്‍ കയറു പോലും ഇല്ലാതെ ചുമ്മാ ഇറങ്ങി വരുന്നു. എഴുപതു വയസ്സുള്ള അപ്പൂപ്പനു ഇങ്ങിനെ ഇറങ്ങാമെങ്ങില്‍ പിന്നെ ഞങ്ങള്‍ക്ക് കയറാനാണോ പ്രയാസം. കൂടെ ഉള്ള സുഹൃത്തുക്കള്‍ വളരെ ആത്മവിശ്വാസത്തിലാണ്. അവരുടെ ധൈര്യത്തില്‍ ഞാനും കയറി. വിഷ്ണുരാജിനു വിവേകിനും നന്ദി.

അങ്ങിനെ ഞങ്ങള്‍ മൂന്നാമത്തെ പാറയും കയറു പിടിച്ചു കീഴടക്കി. സമയം 12.10 PM. നാലര മണിക്കൂര്‍ കൊണ്ടു അഗസ്ത്യകൂടത്തിനു മുകളില്‍ എത്തിയിരിക്കുന്നു. അവിടെ മുകളില്‍ ഒരു 40 പേര് കാണും. താഴെ പേപ്പാറ ഡാം കാണാം . ഇടത്ത് വശത്ത് പാണ്ഡവന്‍ പാറ കാണാം. പാണ്ഡവന്‍ പാറയെ നോക്കി നില്‍ക്കുന്ന അഗസ്ത്യമുനിയുടെ പ്രതിഷ്ഠ കാണാം. മൂന്ന് അടി പൊക്കമുള്ള പ്രതിഷ്ഠയാണ്. അവിടെ പൂജ നടക്കുന്നു. മലമുകളില്‍ ആളുകള്‍ പല പ്രവര്‍ത്തികളില്‍ മുഴുകി ഇരിപ്പാണ്. ചിലര്‍ കിടക്കുന്നു, മറ്റു ചിലര്‍ ധ്യാനിക്കുന്നു, ഞങ്ങളെവേറെ ചിലര്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു.മറ്റൊരു കൂട്ടര്‍ പടം എടുക്കുന്നു. ഞങ്ങളും 10-15 മിനിട്ട് ഫോട്ടോഷൂട്ടിനു മാറ്റി വെച്ചു. തുടര്‍ന്നു ഭക്ഷണം.രാവിലെ പാര്‍സല്‍ ആയി വാങ്ങിയ ഉപ്പുമാവ് നിമിഷനേരം കൊണ്ടു തീര്‍ന്നു. ഇതിനിടയില്‍ അമ്പലത്തില്‍ കയറി അഗസ്ത്യരെ തൊഴുതു. പൂജ നടത്തുന്നത് മൊത്തം തമിഴ്നാട്ടില്‍ നിന്നുമുള്ളവരാണ്. ഭക്തിയുടെ കാര്യത്തില്‍ തമിഴരെ കഴിഞ്ഞേ മലയാളികള്‍ക്ക് സ്ഥാനം ഉള്ളൂ.എവിടെ മലയുണ്ടോ അവിടെ ഭക്തിയോടെ തമിഴരുണ്ട്.

സമയം 1.30 PM ആയിരിക്കുന്നു. ഇപ്പോളെ ഇറങ്ങിയാലെ വെളിച്ചം മങ്ങുന്നതിനു മുന്‍പു അതിരുമല ക്യാപില്‍ എത്താനാവു. മല കയറ്റത്തെക്കാളും ബുദ്ധിമുട്ടാണ് ഇറക്കം. കഥകള്‍ പറഞ്ഞു കൊണ്ടു നടത്തം പതുക്കെ ആയിരുന്നു.ധാരാളം സമയം ഉണ്ട്.ധൃതി പിടിക്കേണ്ട ആവശ്യം ഒട്ടും തന്നെയില്ല. ഇന്നു 794 മീറ്റര്‍ ആണു കയറിയത്. കയ്യില്‍ ഹൈക്കിംഗ് സ്റ്റിക്ക് ഉള്ളത് പ്രധാനമായും ഗുണം ചെയ്തത് മല ഇറങ്ങാനാണ്. ബലം മൊത്തം വടിയില്‍ കൊടുത്തു. കയ്യില്‍ ഉള്ള വെള്ളം തീര്‍ന്നു തുടങ്ങിയിരുന്നു. വാട്ടര്‍ബാഗ് അരുവിയില്‍ നിന്നും വീണ്ടും നിറച്ചു. തുടര്‍ന്നു 5.15PM ഓടെ ഞങ്ങള്‍ അതിരുമലയില്‍ എത്തി.

നേരെ പോയത് ഷെഡിന് പിന്നിലുള്ള അരുവിയില്‍ കുളിക്കാനാണ് . എത്ര നേരം വെള്ളത്തില്‍ കിടന്നെന്നു ഞങ്ങള്‍ക്കും അറിയില്ല. തുടര്‍ന്നു കഞ്ഞി കുടിച്ച ശേഷം കാണിക്കരുടെ ഉത്സവത്തിനു പോയി. അവിടെ കുറെ പേര് ലഹരിയില്‍ ആയിരുന്നു എന്നു തോന്നുന്നു. അവര്‍ക്ക് ഈഞ്ച, പൊങ്ങ് തുടങ്ങിയ ചെടികള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു നാടന്‍ പ്രയോഗം ഉണ്ടെന്നു കേട്ടു.അവിടെ ചെന്നപ്പോള്‍ ആകെമൊത്തം ബഹളമാണ്‌. പരപ്പനെ കാണുന്നില്ല! പരപ്പന്‍ വന്നാലേ പാട്ടു തുടങ്ങൂ. അങ്ങിനെ എവിടെ നിന്നോ ആരോ പരപ്പനനെ കൊണ്ടു വന്നു.രണ്ടു വിഭാഗമായി ഇരുന്നു അവര്‍ പാട്ട് തുടങ്ങി. നമുക്ക് മനസിലാവാത്ത ഭാഷയില്‍ ആയിരുന്നു അവരുടെ പാട്ട്. അല്പനേരം അവിടെ കറങ്ങിയ ശേഷം ഷെഡില്‍ വന്നു കിടന്നു.

അതിനിടയില്‍ തേനീച്ച ആക്രമണത്തില്‍ കുറച്ചു പേര്‍ ആശുപത്രിയില്‍ ആയെന്ന വിവരം കേട്ടു.

ദിവസം 4 :
—————–
അതിരുമല to ബോണക്കാട് to തിരുവനന്തപുരം

രാവിലെ 5.15AM ആയപ്പോളേക്കും എണീറ്റു. അതിരുമല ക്യാമ്പിനോട് വിട പറഞ്ഞു ഇറങ്ങുമ്പോള്‍ സമയം 7.45 ആയിരുന്നു.. ഇന്നു പുല്‍മേടുകളിലൂടെ നടക്കാനുണ്ട്. ആദ്യത്തെ രണ്ടു കിലോമീറ്റര്‍ നല്ല ഇറക്കം ആണു. 9.50 മണി ആവുമ്പോലെക്കും അട്ടയാര് ആയി. പ്രഭാത ഭക്ഷണം പാക്കു ചെയ്തു കൊണ്ടു വന്നത് അവിടുന്നു കഴിച്ചു. 10.30 വരെ അവിടെ ചെലവഴിച്ചു. തുടര്‍ന്നു 11 മണിയോടെ വാഴപ്പൈന്തിയാരില്‍ എത്തി. അതിരുമലയിലേക്ക് പോകുന്ന കുറെ പേരെ അവിടെ കണ്ടു.അവര്‍ ഇന്നു ബോണക്കാട് നിന്നും തിരിച്ചവരാണ്. അവിടെ അല്‍പസമയം വിശ്രമിച്ച ശേഷം കരമനയാര്‍ ലക്ഷ്യമാക്കി നടന്നു. 12 PM മണിയോടെ അവിടെ എത്തി. തുടര്‍ന്നു 15 മിനിട്ട് നേരത്തെ നീരാട്ടു.തുടര്‍ന്നു 2PM ആയപ്പോളേക്കും ഫോറെസ്റ്റ് ഓഫീസില്‍ പോയി റിപ്പോട്ട് ചെയ്തു. നേരത്തെ പറഞ്ഞു വെച്ച പ്രകാരം ജീപ്പുമായി അനീഷ്‌ ചേട്ടന്‍ അവിടെ എത്തിയിരുന്നു. അല്ലെങ്ങില്‍ 1.30 PM നു ബോനക്കാട്ട് നിന്നുമുള്ള KSRTC യില്‍ തിരിക്കണം.
ഉച്ചഭക്ഷണം വിതുരയില്‍ നിന്നാക്കി. തുടര്‍ന്നു KSRTC യില്‍ കയറി 7PM മണിയോടെ തമ്പാനൂര്‍ എത്തി.. യാത്രക്കായി ഉണ്ടാക്കിയ വാട്ട്സ്അപ്പ് ഗ്രൂപ്പില്‍ വീട്ടില്‍ എത്തിയെന്ന മെസ്സേജ് എത്തി തുടങ്ങി. രാത്രി 12.30AM ആയപ്പോലെക്കും എല്ലാവരും വീടുകളില്‍ എത്തിയിരുന്നു.

നാലു ദിവസം കൊണ്ടു നടന്ന ഒരു ചെറിയ യാത്ര മാത്രമായായിരുന്നില്ല ഞങ്ങള്‍ക്കിത്‌. പുതിയ സൗഹൃദങ്ങള്‍; പ്രകൃതിയെ തൊട്ടറിഞ്ഞു കൊണ്ടു മനുഷ്യന്‍റെ സ്വാര്‍ത്ഥതക്കു അധികം വിളനിലമാവാത്ത ഭൂമികയായ അഗസ്ത്യകൂടത്തിന്‍റെ വിരിമാറിലൂടെ അല്‍പം സാഹസികതയുടെ മേമ്പൊടിയോടെ നടന്ന യാത്രയില്‍ കണ്ട നയനമനോഹരമായ ദൃശ്യങ്ങള്‍-പച്ചപട്ടുടുത്ത സുന്ദരിയായ പ്രകൃതി,അവയ്ക്കു മാറ്റുകൂട്ടാന്‍ എന്നവണ്ണം പൊന്നരഞ്ഞാണം പോലെ ഒഴുകുന്ന ആറുകള്‍, ഒളിച്ചു കളിക്കുന്ന കോടമഞ്ഞും ,കുളിര്‍ തെന്നലും…. അങ്ങിനെ ഞങ്ങള്‍ അറിഞ്ഞ അഗസ്ത്യകൂടം വര്‍ണ്ണനകള്‍ക്കതീതമാണ്. ഈ അനുഭവങ്ങളെ വാങ്ങ്മയ ചിത്രങ്ങളാക്കാന്‍ ശ്രമിച്ചാലും അത് അപൂര്‍ണമായിരിക്കും! ഓരോ യാത്രികനും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ദേവദത്ത ഭൂമിയാണ്‌ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അഗസ്ത്യാര്‍കൂടം .

മാതൃഭൂമി യാത്ര May 2017