മൂന്നാറിനെ അറിയാൻ – പ്രളയ ശേഷം ഉള്ള മൂന്നാർ(6th Sept 2018)

ഇതൊരു യാത്ര വിവരണം അല്ല. മറിച്ചു യാത്ര ചെയ്യാൻ പോവുന്നവർക്ക് ഉള്ള കുറിപ്പാണു. 2018 ആഗസ്റ്റ് മാസത്തിലെ ഉരുള്‍ പൊട്ടലിനും, വെള്ളപൊക്കത്തിനും, ഭൂമി വിണ്ടു കീറലിനും ശേഷം ജനം മൂന്നാറിനെ പുൽകാൻ ഇപ്പോൾ ഒന്നു മടിക്കുന്നു. അതിൽ ഉപരി മൂന്നാറിൽ എന്താണ് കാണാൻ ഉളളത് എന്നൊരു ചോദ്യവും ഇവിടെ സ്ഥിരമായി കാണുന്നു. അതിനുള്ള ഒരു ചെറിയ സഹായ ശ്രമം മാത്രമാണ് ഈ പോസ്റ്.

ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കാൻ കാരണം ഞങ്ങൾ കഴിഞ്ഞ ദിവസം കണ്ട മൂന്നാറിലെ സ്ഥിതി വിശേഷങ്ങൾ ആണെന്ന് പറയാം.

സർവ്വ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും, ചൊവ്വാദോഷം കാരണം കല്യാണ ആലോചനകൾ മുടങ്ങുന്ന യൗവനയുക്തയായ ഒരു യുവതിയാണ് ഇന്നത്തെ മൂന്നാർ. പ്രളയവും, ഭൂമി വിണ്ടുകീറലും, ഉരുൾപൊട്ടലും ചൊവ്വ ദോഷത്തെക്കാൾ ദുരിതമാണ് ഈ ഭൂമിക്ക് നൽകിയിരിക്കുന്നത്.

മൂന്നാര്‍ ഒരു വലിയ ടൂറിസ്റ്റ് സീസണ്‍ ആയിരുന്നു കുറിഞ്ഞി പൂ വഴി പ്രതീക്ഷിച്ചത്. മൂന്നാറിലെ മലനിരകളെ പച്ചപട്ടു പുതപ്പിക്കാന്‍ ഒരു വ്യാഴവട്ടത്തിനു ശേഷം നീലവസന്തം പ്രതീക്ഷിച്ച നമ്മള്‍ക്ക് കാലം കാത്തു വെച്ചത് പ്രകൃതിയുടെ ഒരു കൂട്ടം വികൃതികളാണ്. കുറിഞ്ഞികാലം ടൂറിസ്റ്റ് കള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. പണ്ട് അതൊരു കലണ്ടര്‍ ആയിരുന്നു. അഞ്ചു കുറിഞ്ഞികാലം കണ്ട വ്യക്തി എന്ന് പറഞ്ഞാല്‍ 60 വയസ്സായി  എന്നര്‍ത്ഥം. അതിലുപരി തേനീച്ചകളുടെ കൂട്ടമായുള്ള വരവും ഇക്കാലത്ത് ഉണ്ടാവും. അവര്‍ മറ്റുള്ള പൂക്കളുടെ തേനുകള്‍ നുകരാന്‍ ഇക്കാലത്ത് പോവില്ല പോലും. കുറിഞ്ഞികാലത്തെ തേനിനു ഔഷധഗുണം കൂടും എന്നൊരു വായ്മോഴിയുണ്ട്.

മൂന്നാര്‍ ഒരു ഓര്‍മ്മ പെടുത്തലാണ്. ഇനിയെങ്കിലും ചൂഷണം നിയന്ത്രണ വിധേയം ആക്കിയില്ലെങ്കില്‍ മനുഷ്യനെ അവിടെ നിന്നും തുടച്ചു നീക്കാന്‍ പ്രകൃതിക്ക് നിമിഷങ്ങള്‍ മതിയെന്ന മുന്നറിയിപ്പ്. അല്ലെങ്കില്‍ തന്നെ മാറില്‍ മുറിവേറ്റ ഭൂമാതാവ് മറ്റെങ്ങനെയാണ് പ്രതികരിക്കുക. പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ആയിരിക്കില്ല പ്രകൃതിയുടെ ക്ഷോഭത്തിനു ഇരയാവുന്നത്.

പ്രകൃതിലോലം എന്നു ശാസ്ത്രം പറഞ്ഞിട്ടും , നമ്മളിലെ ദുര അതു അംഗീകരിച്ചില്ല. എന്നാല്‍ പ്രകൃതി ചെറിയതോതിൽ  നമ്മളെ  ഇപ്പോള്‍ ബോധ്യപ്പെടുത്തൽ ശ്രമിച്ചു എന്നു പറയാം. നല്ലതണ്ണിയിൽ 5 പേരു ഉരുൾപൊട്ടലിൽ മരിച്ചു! മൂന്നാര്‍ ടൌണില്‍ തന്നെ  6 വീടുകൾ മൊത്തമായി ഭൂമി വിണ്ടുകീറി തകര്‍ന്നു! KSRTC ബസ് സ്റ്റാൻഡ് Boat Service Center ആയി മാറി! പേരിയവുര പാലം തകർന്നു ! മൂന്നാർ Arts College ന്‍റെ ഒരു ബ്ലോക്ക് മൊത്തമായി ഉരുൾപൊട്ടലില്‍ ഒലിച്ചുപോയി! മൂന്നാർ നാലു ദിവസം ഒറ്റപ്പെട്ടു! ഇങ്ങിനെ പറയാന്‍  ഒരുപാടു കാര്യങ്ങള്‍ നടന്നു. ഈ നാല് ദിവസങ്ങള്‍ കൊണ്ട് ഒരുപാട് കഥകള്‍ കേട്ടു… ജീവിതങ്ങള്‍ കണ്ടു…. എന്നാൽ ഇന്ന് മൂന്നാറിലെ സ്ഥിതി മാറി. പ്രധാന റോഡുകൾ എല്ലാം സഞ്ചാര യോഗ്യമായി. രാജമലയിലേക്ക് ഉള്ള പുതിയ പാലം പണി പൂര്‍ത്തിയായി 9 SEPT 2018 നു തുറന്നു കൊടുത്തു.

ഞങ്ങള്‍ മൂന്നാറില്‍ കണ്ട ചില അനുഭവങ്ങളും കാഴ്ചകളും ആണ് ഈ കുറിപ്പിന് ആധാരം.

ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ മൊത്തം 67 റൂമുകള്‍ ഉള്ളതില്‍ താമസം ഉണ്ടായിരുന്നത് ഞങ്ങള്‍ താമസിച്ച ഒന്നില്‍ മാത്രം. മൂന്നാറിലെ ഏറ്റവും മികച്ച ഹോട്ടലുകളില്‍ ഒന്നായ കേരള ടൂറിസം ഡിപ്പാര്‍ട്ടുമെനടിന്റെ ഹോട്ടലിലെ അവസ്ഥയാണ് ഈ പറഞ്ഞത്. രാവിലെ breakfast കഴിക്കാന്‍ പോയപ്പോഴാണ് ഞങ്ങളല്ലാതെ വേറെ ആരും കഴിക്കാന്‍ ഇല്ലെന്നു ശ്രദ്ധിച്ചത്. പ്രകൃതി കോപിച്ചത് അറിഞ്ഞു എല്ലാവരും booking ഒഴിവാക്കി കൊണ്ടിരിക്കുകയാണെന്ന് വഴിയെ അറിഞ്ഞു.

ഞങ്ങള്‍ നാല് ദിവസം മൂന്നാറില്‍ കറങ്ങിയപ്പോള്‍( 6th Sept 2018 t0 9th Sept 2018) ഒരിക്കല്‍ പോലും ട്രാഫിക് ജാമില്‍ പെട്ടില്ല എന്ന കാര്യവും എടുത്തു പറയണം എന്ന് തോന്നുന്നുന്നു. ട്രാഫിക്‌ ജാം ഇല്ലാത്ത മൂന്നാറിനെ കാണണം എന്നുള്ളവര്‍ക്ക് ഇതാണ് നല്ല സമയം.

അതു പോലെ കാന്തലൂര്‍ ഉള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കുളവും, വെള്ളച്ചാട്ടവും ഞങ്ങള്‍ക്ക് മാത്രമായി കാത്തിരുന്നതല്ല.

ചുരുക്കത്തില്‍ മൂന്നാരിലും ,ചുറ്റുപാടിലും ആളനക്കം കുറവാണ്.

രാജമലയില്‍ ഇപ്പോള്‍ കുറിഞ്ഞി പൂത്തു തുടങ്ങിയതേ ഉള്ളൂ. Internetല്‍ തിരയുമ്പോള്‍ നമ്മള്‍ കാണുന്ന, മല മൊത്തം പൂത്തു നില്‍ക്കുന്ന പണ്ടത്തെ കാഴ്ചയിലേക്ക് എത്താന്‍ രാജമല ഇനിയും 2-3 week എടുക്കും. എന്നാല്‍ മഴ അധികം ഇല്ലാത്തതിനാല്‍ വട്ടവടയില്‍ ഇത്തവണ കുറിഞ്ഞി ആദ്യം തന്നെ പൂത്തു. ഇപ്പോള്‍ അത് കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് കുറിഞ്ഞി പ്രതീക്ഷിച്ചു വട്ടവട്ടയിലേക്ക് പോകേണ്ട എന്ന് തന്നെ പറയാം. രാജമലയില്‍ നമ്മെ കാത്തു കുറിഞ്ഞി മാത്രമല്ല ഉള്ളതു. രാജമലയുടെ സ്വന്തം വരയാടുകളെ കാണാതെ യാത്ര പൂര്‍ത്തിയാവില്ല..

വട്ടവട റൂട്ട് കാണേണ്ട കാഴ്ച തന്നെയാണ്.മൂന്നാരില്‍ നിന്നും മാട്ടുപെട്ടി ഡാമും , കുണ്ടല ഡാമും, എക്കോ പോയന്‍റ് ഉം ബോട്ടിങ്ങിനു ആയി നമ്മളെ കാത്തിരിക്കുന്നു. ഈ റൂട്ടില്‍ ഇറങ്ങിയാല്‍ ആദ്യം കാണുക ഫ്ലവര്‍ ഗാര്‍ഡന്‍ ,വഴിയെ ഫോട്ടോ പോയിന്റ്‌ , തെനീച്ചകള്‍ നിറഞ്ഞ മരം ,ഫിലിം ഷൂട്ടിംഗ് നടക്കുന്ന പുല്മേട്‌ എന്നിവയും ഈ വഴിയില്‍ ആണ്. ഇങ്ങിനെ കാഴ്ചകള്‍ നിരവധിയാണ് .  ടോപ്പ് സ്റ്റേഷന്‍ കാണേണ്ട കാഴ്ച തന്നെയാണ്. കൊളുക്ക് മല നമുക്ക് അവിടെ നിന്നും കാണാം. മലമടക്കുകള്‍ നമ്മെ നല്ലവണ്ണം ആകര്‍ഷിക്കും. പിന്നെ ആ കാലാവസ്ഥ !!! അത് അനുഭവിച്ചു തന്നെ അറിയണം.വണ്ടിയിലെ AC  ഒരിക്കലും ON ആക്കരുത്.രാവിലെ ഇറങ്ങിയാല്‍ വൈകീട്ട് തിരിച്ചു മൂന്നാറില്‍ എത്താവുന്ന ഒരു റൂട്ട് ആണ് ഈ വട്ടവട റൂട്ട്..

പുതിയ ചില കാഴ്ചകളും മൂന്നാര്‍ നമുക്ക് ഒരുക്കിയിട്ടുണ്ട്.അതില്‍ പ്രധാനം മൂന്നാറില്‍ നിന്നും ഇറങ്ങിയാല്‍ 2km ന്‍റെ  ഉള്ളില്‍ കാണാവുന്ന “ദൈവത്തിന്‍റെ കൈ” തന്നെ. മുതിരപുഴയില്‍ ആണ്  പാറ വെള്ളത്തിന്‍റെ ഒഴുക്കില്‍ മനുഷ്യന്‍റെ കൈ രൂപം കൊണ്ടത്‌.

കാന്തലൂര്‍ റൂട്ട് ആണ് മൂന്നാറില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന മറ്റൊന്നു . ഇതിനിടയില്‍ ലക്കം വെള്ളച്ചാട്ടവും, ചന്ദനകാടും, മറയൂര്‍ ശര്‍ക്കര നിര്‍മ്മാണ കേന്ദ്രവും, മുനിയറയും,  ആപ്പിള്‍ തോട്ടങ്ങളും നമുക്ക് കാണാം .രാവിലെ ഇറങ്ങിയാല്‍ വൈകീട്ട് മൂന്നാര്‍ തിരച്ചു എത്താവുന്ന രീതിയില്‍ ആണ് ഈ റൂട്ട്.

മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് റൂട്ടുകളും,അവ തമ്മില്‍ ഉള്ള  ദൂരവും,എടുക്കുന്ന സമയവും ഈ പോസ്റ്റിന്‍റെ കൂടെ ചേര്‍ത്തിട്ടുണ്ട്. യാത്ര പോവുന്നവര്‍ക്ക് ഇതു സഹായകരം ആവും എന്ന് കരുതുന്നു.

ജലം കൊണ്ട് ഏറ്റ മുറിവുകള്‍ മറന്നു ഒരു പുതു ജീവിതത്തിനു മൂന്നാര്‍ തയ്യാറെടുക്കുകയാണ്. അവിടെയുള്ള ജനത്തിന് ഇപ്പോള്‍ ഒരു സീസണ്‍ അത്യാവശ്യമാണ്. അവരുടെ തയ്യാറെടുപ്പുകള്‍ വെറുതെ ആയി കൂടാ. ഇനിയുമൊരു വ്യാഴവട്ടകാലത്തിനു ശേഷം പുനര്‍ജനിക്കാനായി കുറിഞ്ഞി നമ്മുടെ കാണാമറയത് മായുന്നതിനു മുന്‍പ് സ്വാര്‍ത്ഥതയുടെ പെരുംഭാണ്ഡം പേറാതെ നമുക്ക് രാജമല കയറാം. പശ്ചിമഘട്ടത്തിന്‍റെ വരദാനമായ നീലവസന്തം വരും തലമുറക്കായി നിലകൊള്ളട്ടെ എന്ന പ്രതീക്ഷയോടെയാവും ഏവരും മലയിറങ്ങുക എന്ന് നമുക്ക് ആശിക്കാം .

Continue reading “അതിജീവന പാതയിലെ മൂന്നാര്‍”