പലപ്പോഴായി ബാംഗ്ലൂരിൽ നിന്നും മുത്തങ്ങ വഴി കോഴിക്കോട്ട് വന്നിട്ടുണ്ടെങ്കിലും ,
ഇത്തവണത്തെ യാത്ര പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു.

1-രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും യാത്ര

———————————————————————————

കേരളത്തിലേക്ക് കൂടണയാൻ തീരുമാനിച്ചപ്പോൾ എങ്ങിനെ പോകണം എന്ന ചിന്തയാണ് ആദ്യമായി മനസ്സിലേക്ക് വന്നത്.

ബാംഗ്ലൂർ നിന്നും നേരിട്ട്  കോഴിക്കോട് അല്ലെങ്കിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകാമെന്ന് ആയിരുന്നു ആദ്യ ആലോചന.ഒരു മണിക്കൂർ കൊണ്ട് നാട്ടിലെത്തും. എന്നാൽ വിമാനത്തിൽ രോഗ വ്യാപനമുള്ള പല രാജ്യങ്ങളിൽ നിന്നുമുള്ള കോവിഡ് രോഗികളായ ആളുകൾ ഉണ്ടാവുമെന്ന് പറഞ്ഞു സുഹൃത്തുക്കൾ ആദ്യം തന്നെ ആ  മാർഗ്ഗം നിരുത്സാഹപെടുത്തി. കേരളത്തിലേക്ക് മലയാളി സമാജങ്ങൾ വഴി ബാംഗ്ലൂരിൽ നിന്നും ബസുകൾ പോകുന്നുണ്ട്. അതും നല്ല ഒരു മാർഗ്ഗമാണ് .

അടുത്ത മാർഗ്ഗം ടാക്സി വഴി നാട്ടിലേക്ക്‌  പോവുക എന്നത് ആയിരുന്നു. എന്നാൽ ടാക്സി ഡ്രൈവറും അതിർത്തി കടന്നാൽ ക്വാറന്റൈൻ പരിധിയിൽ പെടും. വേറെ ഒരു മാർഗ്ഗം മുത്തങ്ങ കോവിഡ് പരിശോധന കേന്ദ്രം വരെ ടാക്സിയിൽ വരുക. അവിടെ നിന്നും വേറെ ടാക്സിയിൽ നാട്ടിലേക്ക്‌ പോവുക.

ക്വാറന്റൈൻ ഹോം

ഇതിനിടയിൽ  പണ്ട് കോളേജിൽ  കൂടെ ഉണ്ടായിരുന്ന സുഹൃത്ത് താൻ ബാംഗ്ലൂർ നഗരത്തിനോട് വിട ചൊല്ലുകയാണെന്ന് എന്നു പറയാൻ ഫോണ് വിളിച്ചത്.
രോഗി ഇച്ഛിച്ചതും, പാൽവൈദ്യൻ കല്പിച്ചതും പാൽ!!
അവനും ,ഭാര്യയും നമ്മളെ പോലെ തന്നെ ഐ ടി തൊഴിലാളി വർഗ്ഗത്തിൽ നിന്നാണ്. സുഹൃത്ത് വീട്ടുസാധനങ്ങൾ ബാംഗ്ളൂരിൽ നിന്നും പാർസൽ സർവീസ് സ്ഥാപനം വഴി കോഴിക്കോട്ടേക്ക് കയറ്റി അയച്ച ശേഷം , പരിചയക്കാരോട് യാത്ര പറയുന്ന ചടങ്ങിന്റെ ഭാഗമായി ഫോണ് വിളിച്ചതാണ്.
@basanth ap

ബാംഗ്ലൂരിലെ ഭൂരിപക്ഷം ഐ ടി കമ്പനികളും ഇപ്പോൾ ഓഫീസിലേക്ക് പോകാൻ ജോലിക്കാരെ പ്രോത്സാഹിപ്പിക്കുന്നില്ല . വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യാൻ ഉള്ള പ്രോത്സാഹനം പല രൂപത്തിൽ ചെയ്‌തു തരുന്നുണ്ട് താനും. ഓഫീസ് ഉപകരണങ്ങൾ പലതും വീട്ടിലേക്ക് അയച്ചു തുടങ്ങി.  ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ ,ഓഫീസ് കസേര, കീബോർഡ്, മോണിറ്റർ തുടങ്ങിയവ ഹോം ഡെലിവറി ചെയ്ത് കൊടുത്തു. മറ്റ് ചില കമ്പനികൾ ഇവ വാങ്ങാൻ ഉള്ള ചെലവ് ശമ്പളത്തിനു പുറത്ത് കൊടുത്തു.

കോവിഡ് ഐ ടി തൊഴിലാളി വർഗ്ഗത്തെ work from home ലേക്ക് നയിച്ചപ്പോൾ  , ഐ ടി കമ്പനികളും വർക്കിങ് മോഡലുകൾ പുതുക്കി പണിയാൻ തീരുമാനിച്ചു.
ബിൽഡിങ് സ്പേസ്  , എയർ കണ്ടിഷൻ,
ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഓഫീസ് ഉപകരണങ്ങൾ ,കഫെ ഏരിയ തുടങ്ങിയവയ്ക്ക് ഭീമമായകാശു മുതലാക്കുന്നതിലും ലാഭകരം  ജോലിക്കാർക്ക്  വീടുകളിൽ നിന്നും ജോലി ചെയ്യാൻ ഉള്ള സാഹചര്യമൊരുക്കുന്നത് ആണ്  എന്നവർ തിരിച്ചു അറിഞ്ഞു.ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചർ കോസ്റ്റ് കുറയുന്ന സ്ഥിതി വന്നപ്പോൾ ജോലിക്കാരുടെ വീട്ടിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പു വരുത്തുക എന്ന പ്രവർത്തനരീതിയിലേക്ക് കമ്പനികൾക്ക് ചെലവ്‌ ക്രമീകരിച്ചു.പല കമ്പനികളും യു പി സ് , ഇന്റർനെറ്റ്  തുടങ്ങിയവക്ക് ജോലിക്കാർ ചെലവാക്കുന്ന തുക തിരിച്ചു കൊടുക്കാൻ  ഉള്ള നടപടികൾ ഏർപ്പാടാക്കിയിട്ടുണ്ട്.

ഇവിടെ നമ്മുടെ സുഹൃത്ത് Work from Home കിട്ടിയപ്പോൾ   ആ വലിയ തീരുമാനം എടുത്തു-നാട്ടിലേക്ക് സ്ഥിരമായി താമസം മാറ്റുക. അതിനായി ഉടനെ തന്നെ ബാംഗ്ലൂരിലെ വാടക വീട് ഒഴിയുക . ബാംഗ്ലൂരിലെ വാടക വീട്ടിൽ  തന്നെ ഇരുന്നു ഓഫീസ് ജോലി ചെയ്യണം എന്നില്ലല്ലോ..നാട്ടിൽ പോയാലും ജോലി ചെയ്യാമല്ലോ!!.

കാംചലബ്ദൻ എന്നാണ് ഈ സ്നേഹിതന്റെ  പേര്  !! മൂന്നു തവണ മുത്തങ്ങയിലെ കോവിഡ് പരിശോധന കേന്ദ്രത്തിൽ ഈ പേരിലെ  മലയാളത്തിലും,  ഇംഗ്ലീഷിലും ഉള്ള അക്ഷരങ്ങൾ എന്നെ കൊണ്ട്‌ പറയിപ്പിച്ചു!!!

കാംചലബ്ദന്റെ പ്രവർത്തി ഒറ്റപെട്ട സംഭവം അല്ല.ഈ കോവിഡ് കാലത്ത് നിരവധി ആളുകൾ ഇപ്പോൾ ബാംഗ്ലൂർ നിന്നും ഇങ്ങിനെ  കേരളത്തിലേക്ക് സ്ഥിരമായി താമസം മാറ്റുന്നുണ്ട്.

യാത്രമാർഗ്ഗം തീരുമാനിച്ചതോടെ അടുത്ത ഉത്തരവാദിത്വം  യാത്രയ്ക്ക് ഉള്ള കേരള govt പാസ്സ് എടുക്കൽ ആയി മാറി. നാട്ടിലേക്ക്‌ എമർജൻസി പാസ്, ഡൊമെസ്റ്റിക് പാസ്സ് തുടങ്ങിയവ ഉണ്ടെങ്കിലും അതെങ്ങിനെ വേഗത്തിൽ കിട്ടും എന്നറിയില്ല!! നാട്ടിൽ പോയാൽ ക്വാറന്റൈൻ കിടക്കണം എന്നറിയാം. എന്നാൽ ആ സംഭവത്തിന്റെ നടത്തിപ്പ് എങ്ങിനെ എന്നറിയില്ല. യാത്രയുടെ തയ്യാറെടുപ്പിന്റെ അടുത്ത ഘട്ടം ഈ വിവരങ്ങൾ സംഘടിപ്പിക്കുന്നതായിരുന്നു.

നാട്ടിലിലേക്ക് കോവിഡ് കാലത്ത് പോയ സുഹൃത്തുക്കളെ വിളിക്കാൻ തുടങ്ങി.അവർ നേരിട്ട വെല്ലുവിളികളും, അവിടെ ചെന്ന ശേഷമുള്ള അനുഭവങ്ങളും വിളിച്ചു ചോദിച്ചു.

2 –ഊരു വിലക്കല്ല ക്വാറന്റൈൻ !!!ജാഗ്രതയാണ്…
————————————————————-

         അങ്ങിനെ ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും കോവിഡ് കാലത്ത് കോഴിക്കോട്ടേക്ക് ഉള്ള യാത്രക്ക് ഉള്ള തയ്യാറെടുപ്പിന്റെ ഘട്ടം തുടങ്ങി.

       ആദ്യം തന്നെ കേരളത്തിന്റെ ജാഗ്രത പാസിന് apply ചെയ്യണം. Domestic പാസിന് health department ൽ നിന്നും സ്റ്റാഫ് വീട്ടിൽ വന്നു നോക്കും. റൂം ക്വാറന്റൈൻ സൗകര്യം ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ആണ് approval നൽകുന്നത് എന്നു കേട്ടിരുന്നു.
ക്വാറന്റൈൻ നിൽക്കേണ്ട വീട്ടിൽ 65 വയസ്സിൽ കൂടുതൽ ഉള്ള ആൾക്കാർ ഉണ്ടോ,നവജാത ശിശുക്കൾ ഉണ്ടോ എന്നെല്ലാം അവർ അന്വേഷിക്കും.നമ്മുടെ കേസിൽ ഇതു രണ്ടും ഉണ്ട്.

വിവരങ്ങൾ എല്ലാം മുൻപ് പോയവരിൽ നിന്നും സംഘടിപ്പിച്ചിരുന്നു.

വീട്ടിൽ മുതിർന്ന വ്യക്തി ഉള്ള  നമ്മുടെ ഒരു സുഹൃത്ത്  , യാത്ര തുടങ്ങുന്നതിനു മുൻപ് നാട്ടിൽ  ഒരു വാടക വീട് സംഘടിപ്പിച്ചു.
തുടർന്ന് സ്വന്തം വീട്ടുകാരെ വാടക വീട്ടിലേക്ക്‌ മാറ്റി. എന്നിട്ട് പുള്ളി ഇപ്പോൾ സ്വന്തം വീട്ടിൽ ക്വാറന്റൈൻ നിൽക്കുന്നു. 
ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് നിന്നും, പോലീസിൽ നിന്നും സ്ഥിരമായി അവന്റെ സ്ഥിതി വിവരങ്ങൾ ദിവസേന അന്വേഷിക്കുന്നുണ്ട്.

മെയ് തുടക്കത്തിൽ നാട്ടിൽ പോയവർ അറിയിച്ചിയിരുന്ന മറ്റൊരു വാർത്ത, മുത്തങ്ങയിലെ പരിശോധന കേന്ദ്രത്തിൽ നിന്നും വീടുകളിൽ പോകുന്നതിന് പോലീസ് എസ്‌കോർട് ഉണ്ടെന്ന് ആയിരുന്നു.   പാസ് ലഭിച്ചു പോകുന്നവർ വഴിയിൽ അനാവശ്യമായി ഇറങ്ങുന്നില്ലന്ന് ഉറപ്പു വരുത്താൻ ഉള്ള ഒരു സംരക്ഷണം ആയിരുന്നു  ഈ എസ്‌കോർട്ട്.ഇപ്പോൾ ഈ സംവിധാനം നിർത്തിയിട്ടുണ്ട്.

   കേരളാ govtന്റെ ജാഗ്രതാ പോർട്ടലിൽ
അങ്ങിനെ ഞങ്ങൾ പാസിനായി apply ചെയ്തു. ആകെ വേണ്ടത് മൊബൈൽ നമ്പർ മാത്രം. ഇമെയിൽ പോലും ചോദിക്കുന്നില്ല . എമർജൻസി പാസിന് പ്രൂഫ് ആവശ്യമുണ്ട്.

തുടർന്ന് approval കിട്ടാൽ ഉള്ള കാത്തിരിപ്പ് തുടങ്ങി……

മണിക്കൂറുകൾക്ക് ദിവസങ്ങളുടെ നീളം!!!
ഓരോ മണിക്കൂറിലും approval status പോയി നോക്കും.

‘Waiting for taking action ‘ എന്നൊരു status മാത്രമാണ് കാണാൻ സാധിക്കുന്നത്!

മൂന്നു നാലു മണിക്കൂറിനു ഉള്ളിൽ അധികൃതരുടെ ഫോണ് വന്നു.ക്വാറന്റൈൻ നിൽക്കാൻ പോകുന്ന സ്ഥലത്ത് ഉള്ള പഞ്ചായത്തും ,വാർഡ് നമ്പറും അന്വേഷിച്ചു. അതിനു പുറമെ വാർഡ് മെമ്പറുടെ പേരും സംഘടിപ്പിച്ചു.അവരുടെ സംസാരത്തിന്റെ വേഗത്തിൽ നിന്നു തന്നെ അവർ എത്രമാത്രം തിരക്കിൽ ആണെന്ന് നമുക്ക് ഊഹിക്കാം.

     പോകേണ്ടത് ശനിയാഴ്ചയാണ്. Requestകൊടുത്തത് തിങ്കളാഴ്ചയും.അന്നു തന്നെ വാർഡ് വിവരങ്ങൾ അന്വേഷിച്ചു അധികൃതരുടെ ഫോൺ കാൾ വന്നു.  എന്നാൽ അടുത്ത രണ്ടു ദിവസം ഒരു അനക്കമൊന്നുമില്ല .ആരും വിളിക്കുന്നില്ല!!

വെബ്സൈറ്റിൽ approval status മാറുന്നില്ല. -Waiting for taking Action.

ആകാംക്ഷയുടെ ദിനങ്ങൾ !!!!

എവിടെയാണ് വൈകുന്നത് എന്നറിയില്ല.വാർഡ് മെമ്പറെ വിളിച്ചു നോക്കി. പുള്ളിക്ക് ഞങ്ങൾ മുത്തങ്ങ പോസ്റ്റ് കഴിഞ്ഞാൽ ഫോണ് കാൾ വരും എന്ന് പറഞ്ഞു.അപ്പോൾ പുള്ളിയുടെ കയ്യിൽ നിന്നല്ല  വൈകുന്നത്.

    

     പിന്നെ ഒന്നും നോക്കിയില്ല. .ജില്ല തലത്തിൽ  ഉള്ള ജാഗ്രത സെൽ നമ്പർ സംഘടിപ്പു അവരെ നേരിൽ വിളിച്ചു അന്വേഷിച്ചു. സംഭവം എമർജൻസി പാസ്സ് ആയത് കൊണ്ട് കലക്ടറേറ്റിൽ നിന്നും നേരിട്ട് അനുവാദം കൊടുക്കുകയാണ് പതിവ്.കലക്ടറേറ്റിലേക്ക് വിളിക്കാൻ ഉള്ള നമ്പർ ജാഗ്രത സെല്ലിൽ നിന്നു തന്നു.

         കലക്ടറേറ്റിലെ ലാൻഡ് ഫോണിൽ വിളിച്ചപ്പോൾ ഉടനെ തന്നെ ഫോൺ എടുത്തു.ഓഫീസർ സംഭവം വിശദമായി കേട്ടു. എമർജൻസി പാസിനുള്ള justification ഞങ്ങൾ വിശദീകരിച്ചു. അദ്ദേഹം ഒരു മണിക്കൂർ സമയം ചോദിച്ചു.അതിനുള്ളിൽ approval കിട്ടിയില്ലെങ്കിൽ അറിയിക്കാൻ പുള്ളിയുടെ പേഴ്‌സണൽ മൊബൈൽ നമ്പർ തന്നു.  ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നില്ല!!
അതിനുള്ളിൽ തന്നെ ഓഫീസർ ഇങ്ങോട്ട് വിളിച്ചു വിവരങ്ങൾ തന്നു. ശനിയാഴ്ച പോരാമെന്നും, approval കിട്ടിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടയിൽ Approval മെസേജ് വന്നു. അതേ നമ്മളെ കൂടണിയിക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ അവിടെ വിശ്രമമില്ലാതെ പരിശ്രമിക്കുന്നുണ്ട്.ജാഗ്രത സെല്ലിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർഥതയെ അഭിനന്ദിക്കാതെ നിവൃത്തിയില്ല!

ഇപ്പോൾ പോകാനുള്ള വാഹനമായി!!
Govt travel Pass കിട്ടി!!

കൊറോണ കാലത്തെ യാത്ര എന്ന സംഭവബഹുലമായുടെ ഘട്ടം തുടങ്ങുകയാണ്….

സാധാരണ നാട്ടിൽ പോകുന്ന പോലെ അല്ല!! തിരിച്ചു വരവ് 2-3 മാസത്തിനു ശേഷം ആയിരിക്കും…മാത്രമല്ല ഒരു മാസത്തോളം അടങ്ങി ഒതുങ്ങി നിൽക്കണം.

ആദ്യ പതിനാലു ദിവസം റൂം ക്വാറന്റൈൻ !!
അടുത്ത പതിനാലു ദിവസം ഹോം  ക്വാറന്റൈൻ!!

അങ്ങിനെ ഞങ്ങളുടെ കോവിഡ് കാലത്തെ ബാംഗ്ളൂർ -കോഴിക്കോട് യാത്ര മുൻ തീരുമാനം പോലെ ശനിയാഴ്ച പുലർച്ചെ 2.30 AM നു  തുടങ്ങി .  തീരുമാനിച്ചതിൽ നിന്നും അര മണിക്കൂർ വൈകി എന്നു മാത്രം….


രാത്രി തകർത്തു പെയ്തു ഒഴിഞ്ഞ മഴയുടെ സുഗന്ധവും ആവാഹിച്ചാണ് യാത്രയുടെ തുടക്കം. അസാധാരണമായി വിജനമായ പാത.… സ്ഥിരമായി കാണുന്ന പൂക്കളുമായി പോവുന്ന വണ്ടികൾ വഴിയിലൊന്നും കാണുന്നില്ല. കോവിഡ് വിതച്ച  ഭയം ജനങ്ങളിൽ നിന്നും അത്ര വേഗം പോകുമെന്ന് തോന്നുന്നില്ല.

‘ബാംഗ്ലൂരിൽ രാവിന് വെളിച്ചം കൂടുതൽ’ ആണെന്ന പ്രയോഗം മരിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ റോഡിൽ കഴിഞ്ഞ ജനം, വീടുകളിൽ ഒതുങ്ങി കഴിയാൻ തുടങ്ങിത്തിരിക്കുന്നു!! എല്ലാവർക്കും കൊറോണയെ അകറ്റി നിർത്താൻ തന്നെയാണിഷ്ടം.

കുട്ടിക്കാലത്ത് ആകാശത്തിലൂടെ പോകുന്നവിമാനം കാണുമ്പോഴുള്ള ആഹ്ലാദം ഇപ്പോൾ റോഡിൽ വാഹനം കാണുമ്പോഴും തോന്നുന്നു. നമ്മളെ കടന്നു പോകാനോ , നമുക്ക് വെട്ടിച്ചു പോകാനോ വാഹനം കാണാത്ത അവസ്ഥ!! പൂരമൊഴിഞ്ഞ പറമ്പിന്റെ അവസ്ഥ എന്താണെന്ന് ശരിക്കും അറിഞ്ഞു. കൊറോണ കാലമാണെങ്കിലും, ചിലപ്പോൾ ഞങ്ങൾ യാത്രയ്ക്ക് തിരഞ്ഞെടുത്ത സമയവും ഈ റോഡിന്റെ മൂകാവസ്ഥക്ക് കാരണം ആയിട്ടുണ്ടാവും. ആദ്യമായാണ് ഈ വഴിക്ക് പോകുന്നത് എന്ന തോന്നൽ പലപ്പോഴും ഉണ്ടായി!!

പുലർച്ചെ ആയത് കൊണ്ടാവും ,മിക്കവാറും ഫ്യൂൽ പമ്പുകളും അടഞ്ഞു കിടന്നു.  ഗ്രാമങ്ങളിലേക്ക് പോകും തോറും മാസ്കുകൾ ഉള്ള മുഖങ്ങൾ  അന്യമായി വന്നു. മാസ്‌കും, ഗ്ലൗസും ധരിച്ച ഞങ്ങളെ അന്യഗ്രഹജീവികളെ കാണുന്ന കൗതുകത്തോടെ പലരും വീക്ഷിച്ചു.

കോൺക്രീറ്റ് കാടുകളിൽ നിന്നും പ്രകൃതിയുടെ കാടുകളിലേക്ക് കടന്നപ്പോൾ വാഹനത്തിന്റെ വിൻഡോ ഗ്ലാസുകൾ എങ്ങിനെയോ തുറന്നു!!! മനുഷ്യന്റെ ശല്യമില്ലാത്ത കാലം കഴിഞ്ഞോ എന്നോർത്ത് തുറിച്ചു നോക്കുന്ന മാനുകളെ അവിടെ -ഇവിടെയായി കണ്ടു. കുട്ടിയാനെയെയും കൊണ്ട് ആനത്താരയിലേക്ക് ഇറങ്ങിയ ആനകൂട്ടങ്ങൾ ഞങ്ങളെ ശ്രദ്ധിച്ചതേ ഇല്ല! വന്യമൃഗങ്ങൾ മനുഷ്യന്റെ ചീറി പാഞ്ഞു വരുന്ന വാഹനത്തെ പേടിക്കാതെ കഴിഞ്ഞിരുന്ന കാലഘട്ടമായി നമുക്ക് ഈ ലോക് ഡൗണ് കാലത്തെ വിശേഷിപ്പിക്കാം. ഒരു പക്ഷെ ബന്ദിപ്പൂർ വനത്തിലെ മൃഗങ്ങൾക്കും അപകടങ്ങൾ കുറഞ്ഞ കാലം ഇതായിരിക്കും.

3- കരുതലാണ് കേരളം
——————————–——

അതിർത്തിയി ലക്‌ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു …

നാലു സ്ഥലങ്ങളിൽ ആണ്  പരിശോധനകൾ നടക്കുന്നത് എന്നു മുൻപ് കേട്ടിരുന്നു. ആദ്യം കാട്ടിൽ വെച്ചു വാഹനത്തിന്റെ നമ്പർ ഫോറസ്റ് ഡിപ്പാർട്ട്‌മെന്റിനു പറഞ്ഞു കൊടുക്കുന്ന ചടങ്ങ് നടത്തി.യാത്രാ പാസിന്റെ പ്രിന്റുമായിട്ടാണ്  ഇറങ്ങിയത്. പിന്നെയാണ് അതിന്റെ സ്ഥലം ഇവിടെയല്ല എന്നു മനസിലായത്!
യാത്രാ പാസിന്റെ നിരവധി കോപ്പികളിൽ ഒന്നു വെറുതെ നശിപ്പിക്കേണ്ടി വന്നില്ല. ആർക്ക് പാസുകൾ എടുത്തു കാണിച്ചാലും, തിരിച്ചു  ആ പാസ് വണ്ടിയിൽ കയറ്റില്ല എന്നു ഭീഷ്മ പ്രതിജ്ഞ എടുത്തിട്ടാണ് ഞങ്ങൾ യാത്ര തുടങ്ങിയത്.ഇനിയെങ്ങാനും പേപ്പർ വഴി…..

തുടർന്ന് വാഹനം മുന്നോട്ടെടുത്തു.

അധികം വൈകാതെ സംസ്ഥാന  അതിർത്തിയോട് വണ്ടി അടുത്തു.പാസിന്റെ പ്രിന്റിൽ തൊടാതെ പൊലീസ് ഡീറ്റൈൽസ് നോക്കി. കർണാടക അതിർത്തി കടന്നു കേരളത്തിൽ  വാഹനം എത്തിയെന്ന് പണ്ടു തിരിച്ചറിഞ്ഞിരുന്നത് റോഡിന്റെ ദയനീയ അവസ്ഥയിൽ നിന്നായിരുന്നു. ഇന്നത് കേരള പോലീസിന്റെ ഉത്തരവാദിത്വ പെരുമാറ്റം വഴിയായി എന്നതാണ് അതിർത്തിയിൽ കണ്ടറിഞ്ഞ അടിസ്‌ഥാനമായ വ്യതാസം.

അല്പം പോയാൽ ,വഴിയിൽ കോവിഡ് സെൻറർ  ഉണ്ടെന്ന് പോലീസ് അറിയിച്ചു. അപ്പോൾ അവിടെയാണ് വിശദമായ പരിശോധന!!

തുടർന്ന് വഴിയിൽ വാഹനം ഡിസ് ഇൻഫെക്ഷൻ ആക്കാനുള്ള ലായനി സ്‌പ്രേ ചെയ്യുന്ന ചടങ്ങ് ആയിരുന്നു!!!  വേഗം വാഹനത്തിന്റെ വിൻഡോ ഗ്ലാസ് അടച്ചത് കൊണ്ടു ബുദ്ധിമുട്ട് ഉണ്ടായില്ല.

അധികം വൈകാതെ ,കാത്തുകാത്തിരുന്ന കോവിഡ് സെന്ററിന്റെ അടുത്തെത്തി. ബസ്സുകൾ അടക്കും 10 ഓളം വാഹനങ്ങൾ മുന്നിൽ നിർത്തിയിട്ടിട്ടുണ്ട്. ഞങ്ങളുടെ വാഹനത്തിൽ കുട്ടിയെ കണ്ടപ്പോൾ തന്നെ ഉദ്യോഗസ്ഥർ ഓടി വന്നു! ഒരാൾ പോയി ക്യുവിൽ നിന്നാൽ മതിയെന്നും, ബാക്കിയുള്ളവർ പരിശോധന സമയത്ത് മാത്രം വാഹനത്തിൽ നിന്നും ഇറങ്ങിയാൽ മതിയെന്നും അവർ അറിയിച്ചു.

എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്നറിയാതെ ക്യുവിൽ പോയി നിന്നു. ഇരുപതോളം ആളുകൾ മുന്നിലുണ്ട്. കോട്ടയത്തേക്ക് കൂർഗിൽ നിന്നും പോകുന്ന ഒരു ചേട്ടനെ പരിചയപെട്ടു. അതിർത്തികൾ അടയ്ക്കപ്പെട്ടതിന്റെ പരാതി അനുഭവസ്ഥർ പറയുന്നത് കേൾക്കുമ്പോൾ ആ അവസ്ഥയുടെ തീക്ഷ്ണത ശരിക്കും തിരിച്ചറിയാം.എന്തു പരിശോധനയാണ് നടക്കാൻ പോകുന്നത് എന്ന ധാരണ ആർക്കും ഇല്ലെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. സ്വാബ് ടെസ്റ്റിംഗ് ആണോ, അതോ ആന്റി ബോഡി ടെസ്റ്റിംഗ് ആണോ കോവിഡ് സെന്ററിൽ നടക്കുക എന്ന തീക്ഷ്ണമായ ചർച്ച അവിടെ അലയടിച്ചു നിന്നു. ക്യുവിൽ ദൂരപരിധി വെച്ചത് നന്നായി. അല്ലെങ്കിൽ ചർച്ചയിൽ ആവേശം കൊണ്ട് കോവിഡിനെ വഴിയിൽ നിന്നും വീട്ടിൽ കൊണ്ടു പോന്നേനെ!

മൊത്തം ഒന്നര മണിക്കൂർ മുത്തങ്ങായിലെ കോവിഡ് സെന്ററിൽ ചിലവഴിച്ചു. അവിടെ മൂന്ന് സ്ഥലത്താണ് നമ്മൾ വിവരങ്ങൾ കൊടുക്കേണ്ടത് .അതായത് മൂന്നു ക്യുവിൽ മാറി മാറി പോയി നിൽക്കണം. മൂന്നിടത്തും ഒരേ വിവരങ്ങളാണ് കൊടുക്കേണ്ടത്. പേര്, വരുന്ന സ്‌ഥലം ,പോകുന്ന സ്ഥലം ,ആരോഗ്യ അവസ്‌ഥ ഇവയാണ് അവിടെ നൽകേണ്ട വിവരങ്ങൾ. മൂന്നാമത്തെ കൗണ്ടറിൽ    temperature പരിശോധിക്കും. സംശയം തോന്നിയാൽ സ്വാബ് ടെസ്റ്റിംഗ് സൗജന്യമായി നടത്തും.  അവിടെ  ക്വാറന്റൈൻ നിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള കൃത്യമായി വിവരങ്ങളും നൽകണം.അടുത്ത 28 ദിവസങ്ങളിൽ പുലർത്തേണ്ട ഉത്തരവാദിത്വ ജീവിതചര്യകളെ കുറിച്ചു അവർ വിശദീകരിച്ചു.

‘ആദ്യ 14 ദിവസം റൂം  കൊറന്റിൻ  ആണ് നിൽക്കേണ്ടത്.പാസ് ലഭിച്ചു വന്നവർ വീട്ടിലെ ഒരു റൂമിൽ തന്നെ ഇരിക്കണം. മാത്രമല്ല ആ വീട്ടുകാരും  വീടിനു പുറത്ത് പോകരുത്. അടുത്ത 14 ദിവസത്തെ ഹോം ക്വാറന്റൈൻ എന്നു വിളിക്കാം.പാസ് ലഭിച്ചു  വന്നവർ വീട്ടിനു പുറത്ത് പോകാൻ പാടില്ല.എന്നാൽ വീട്ടുകാർക്ക് വീടിനു പുറത്തു പോകാം. ‘

തുടർന്നു കോവിഡ് സെന്ററിൽ നിന്നും മുത്തങ്ങ വഴിയാണ് വന്നത് എന്നതിനു ഒരു ചെറിയ രസീത് തന്നു.

കൃത്യമായി മാസ്‌ക് ,ഗ്ലൗസ് ധരിച്ച സ്റ്റാഫ്!!
ഇടവേളകളിൽ നടക്കുന്ന ക്ലീനിംഗ് !!
എന്ത്‌ സംശയം ഉണ്ടെങ്കിലും സഹായത്തിനു ഓടി വരാൻ തയ്യാറായി നിൽക്കുന്ന വോളണ്ടിയർമാർ !!
സാമൂഹ്യ അകലം പാലിച്ചുള്ള  ക്യു !!!
സാനിറ്റൈസർ സൗകര്യങ്ങൾ !!
സൗജന്യമായുള്ള ഭക്ഷണ വിതരണം !!
മാന്യമായ പെരുമാറ്റം!!

മുത്തങ്ങയിലെ കോവിഡ് സെന്റർ ഒരു മികച്ച ആരോഗ്യ മാതൃക തന്നെയാണ്.

അങ്ങിനെ കോവിഡ് സെന്ററിനോട് വിട പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങളുടെ കൂടെ അധികമായി ആരും വരുന്നില്ല  എന്ന ഉറപ്പിക്കാനായി കൂടെ കൊണ്ടു വന്ന സാനിറ്റൈസർ  ധൂർത്ത് എന്ന പോലെ ഉപയോഗിച്ചു…

ഇതിനിടയിൽ  യാത്രപാസിന് രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വന്നു.

‘Covid 19 Jagratha: Completed health check up at Muthanga checkpost  on 13-06-2020 10:01 AM”

ഞങ്ങളുടെ വീടുകളിൽ പ്രായമായവരും, കുട്ടികളും ഉള്ളതു കൊണ്ട് നാട്ടിൽ താമസിക്കാൻ ചില  തയ്യാറെടുപ്പുകൾ ഒരുക്കിയതിനു ശേഷമാണ് ഞങ്ങൾ ബാംഗ്ലൂരിൽ യാത്ര തുടങ്ങിയത്.  താമസത്തിന് കൂടെ വേറെ ആളില്ലാത്ത ഒരു  വീട് ക്വാറന്റൈൻ കാലത്തേക്ക് ഞങ്ങൾ തീരുമാനിച്ചിരുന്നു.

പുതിയ ക്വാറന്റൈൻ വീട്ടിൽ വന്ന ശേഷം ആദ്യമായി ചെയ്തത് വാർഡു മെംമ്പറെ വിളിക്കുകയാണ്.അദ്ദേഹം വാർഡിന്റെ ഉത്തരവാദിത്വമുള്ള  ആരോഗ്യ പ്രവർത്തകയുടെ മൊബൈൽ  നമ്പർ തന്നു. അവർക്ക് ഞങ്ങളുടെ വിവരങ്ങൾ മൊത്തം കൈമാറി.ആരോഗ്യ പ്രവർത്തക ഞങ്ങളുടെ വിവരങ്ങൾ പൊലീസിന് കൈമാറി. അടുത്ത ദിവസം മുതൽ ഞങ്ങളുടെ സുഖ സൗകര്യങ്ങൾ അന്വേഷിച്ചു കൃത്യമായ ഇടവേളകളിൽ ഇവർ മൊബൈലിൽ വിളിക്കാൻ തുടങ്ങി.ചുരുക്കത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സിസ്റ്റം ഇവിടെ ഉള്ളത് കൊണ്ടാണ് കോവിഡിനു കേരളത്തിനെ സ്വന്തം നീരാളി കൈയിൽ കിട്ടാതെ പോയത്.

ഇന്ന് ലോകം കോവിഡിനൊപ്പമുള്ള ജീവിതത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. കോവിഡിനൊപ്പമുള്ള ജീവിതത്തിൽ ,കേരളത്തിനെ മുന്നോട്ട്‌ നയിക്കാൻ ആരോഗ്യ പ്രവർത്തകരോടു  ഒപ്പം സാമൂഹിക അകലം പാലിച്ചു കൊണ്ടു നമുക്കും കൈകോർക്കാം….