തീർഥാടന വിശുദ്ധിയുടെ മാസമാണ് വൃശ്ചികം. അയ്യപ്പ സ്തുതിഗീതങ്ങൾ പുലർച്ചെകളെ ആരതി ഉഴിയുന്ന മലയാള മാസം. ഇന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ അന്യസംസ്ഥാനക്കാർ വരുന്ന സമയമാണിത്. അങ്ങിനെ നോക്കുമ്പോൾ വഴിയോര കച്ചവടക്കാരുടെ ആഘോഷ നാളുകൾ കൂടിയാണ് തണുപ്പ് നിറഞ്ഞ വൃശ്ചികമാസം. ഭഗവാനും, ഭക്തനും ഒന്നാണെന്ന സത്യമാണ് തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർഥാടനയാത്രയിലൂടെ ശബരിമല നമ്മോട് പറയുന്നത്. ശിരസ്സിൽ ഇരുമുടി കെട്ടും, മനസ്സിൽ കലിയുഗം വരദനും, ചുണ്ടിൽ ശരണഘോഷങ്ങളും നിറയുന്ന യാത്രയാണിത്.
ഐതീഹ്യങ്ങളും ,ചരിത്രവും, കെട്ടുകഥകളും നിറഞ്ഞതാണ് ഓരോ യാത്രകളും. കാനന മാര്‍ഗ്ഗത്തിലൂടെയുള്ള ശബരിമല പാതക്കും നമ്മളോട് ഒരുപാട് കഥകൾ പറയാനുണ്ട്. അതിൽ ചിലത് ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്.ചിലത് വായ്മൊഴിയായി പകർന്നു വന്നതാണ്. മറ്റുചിലത് ചരിത്രമാണ്. ഐതിഹ്യ വഴിയിൽ നിന്നും നമുക്ക് ചില കഥകൾ കേൾക്കാം.
ഒരുപാട് നിയന്ത്രണങ്ങൾ നിറഞ്ഞ ഒരു ജീവിതചര്യയാണ് ശബരിമല തീർത്ഥാടന കാലഘട്ടം.ലളിതമായ ജീവിതമായിരിക്കണം. വ്രതം തുടങ്ങിയാൽ തലമുടിവെട്ടരുത്. താടിവടിക്കരുത്. കാമ ക്രോധ വികാരങ്ങളും നിയന്ത്രിക്കണം. കറുപ്പാണ് വസ്ത്രം. ഭക്ഷണം സസ്യാഹാരം ആയിരിക്കണം .ശരണ ഘോഷങ്ങൾ ജപിച്ച് കൊണ്ടിരിക്കണം. മുദ്ര ധരിക്കണം. ഇങ്ങനെ ഒരുപാട് നിയമവ്യവസ്ഥകൾ ഉള്ള വ്രത കാലഘട്ടം.
മാലയിടുന്ന ഭക്തനെ സ്വാമിയായി തന്നെ കണക്കാക്കുന്ന ആചാരം ചാന്ദോഗ്യോപനിഷത്തിലെ തത്വമസി എന്ന മഹാവാക്യത്തിന്റെ അന്തസത്ത ഉൾ കൊള്ളുന്നതാവുന്നു. ചരിത്രത്തിലേക്ക് നോക്കിയാലും ശബരിമലയ്ക്ക് സമുന്നതമായ സ്ഥാനമാണുള്ളത്. ജാതി വ്യവസ്ഥ കൊടി കുത്തിവാണ നമ്മുടെ നാട്ടിൽ, സവർണർക്കു മാത്രം ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്ന കാലത്തും ശബരിമലയിൽ അവർണർക്ക് ആരാധനാസ്വാതന്ത്ര്യംഅനുവദിക്കപ്പെട്ടിരുന്നു.
നിരവധിമാർഗങ്ങളുണ്ട്ശബരിമലയിലേക്ക്.അതിൽ ഏറ്റവും കൂടുതൽ ആളുകള്‍ ഉപയോഗപ്പെടുത്തുന്നത് പമ്പ വരെ വാഹനത്തിൽ യാത്ര ചെയ്തു, തുടർന്നു പമ്പയിൽ നിന്നും സന്നിധാനം വരെയുള്ള ദൂരം(5km) നടന്നു കയറുന്നതാണ് .മറ്റു വഴികളെ പറ്റി പറയുമ്പോൾ പ്രധാനമായും നമുക്കുള്ളത് രണ്ടു മാർഗങ്ങളാണ്.എരുമേലിയിൽ നിന്നും തുടങ്ങി പമ്പ വഴി സന്നിധാനം വരെ എത്തുന്ന മാർഗം.ഈകാനന പാതയെയാണ് പരമ്പരാഗതമായ ശബരിമല യാത്ര എന്നു വിളിക്കുന്നത്. മൊത്തം 42km ആണ്പമ്പ വരെ ഈയാത്രയിൽകാൽനടയായിസഞ്ചരിക്കേണ്ടത്.പുല്ലുമേട് വഴിയുള്ളതാണ് മറ്റൊരുപ്രധാനമാർഗം.
നമ്മുടെ ഇന്നത്തെ യാത്ര എരുമേലി വഴിയുള്ള 42 കിലോമീറ്റർ വന പാതയിലൂടെയാണ്. ആദ്യം തന്നെ യാത്രയുടെ ഒരു രൂപരേഖ പറയാം. (Day 1) ബാംഗ്ലൂരിൽ നിന്നും രാത്രി ട്രെയിനിൽ കയറി പിറ്റേദിവസം രാവിലെ കോട്ടയത്ത് എത്തിച്ചേരുന്ന വിധമാണ് ഞങ്ങളുടെ യാത്ര ക്രമീകരിച്ചത്. (Day2) തുടർന്നു തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും കെട്ടുനിറ നിറച്ചശേഷം എരുമേലിയിലേക്ക് ബസ് കയറണം. എരുമേലിയിൽ വവർ പള്ളിയിലും ,ശാസ്താ ക്ഷേത്രത്തിലും കയറിയ ശേഷം ഉച്ചക്ക് കാൽനടയാത്ര തുടങ്ങുക. ഇടക്ക് അഴുതായിൽ ഒരു വിശാലമായ സ്നാനം. രാത്രിയോടെ കല്ലിടാംകുന്ന് താവളത്തിൽ എത്തിച്ചേരുക. (Day3) അടുത്ത ദിവസം രാവിലെ പദയാത്രയുടെ രണ്ടാംഘട്ട തുടങ്ങുന്നു. അന്ന് 24 കിലോമീറ്റർ യാത്ര ചെയ്തു ആദ്യം പമ്പയിൽ എത്തുക തുടർന്നു പമ്പയിൽ കുളിച്ച് Virtual ക്യൂ വിൽ സീല്‍ വാങ്ങി യാത്രയുടെ മൂന്നാം ഘട്ടം തുടങ്ങുക. പമ്പയിൽ നിന്നും തുടങ്ങി സന്നിധാനം വരെയുള്ള 5 കിലോമീറ്റർ ആണ് ഇതിൽ യാത്ര നടത്തേണ്ടത്. തുടർന്ന് ഭഗവത് ദർശനത്തിനുശേഷം സന്നിധാനത്ത് ഉള്ള ഗസ്റ്റ് ഹൗസിൽ താമസിക്കുക. (Day4) അടുത്തദിവസം രാവിലെ യാത്രയുടെ നാലാം ഘട്ടം തുടങ്ങുകയായി. സന്നിധാനത്തു നിന്നും പമ്പയിലേക്കുള്ള ഇറക്കമാണ് ഈ ഘട്ടത്തിൽ ഉള്ളത്. തുടർന്നു പമ്പയിൽ നിന്നും കോട്ടയത്തേക്ക് ബസ് യാത്ര. അന്നു വൈകിട്ട് ഉള്ള ബാംഗ്ലൂർ ട്രെയിനിലെ മടക്കയാത്ര. അടുത്ത ദിവസം രാവിലെ ബാംഗ്ലൂരിൽ തിരിച്ചു എത്തുക.ഇതായിരുന്നുഞങ്ങളുടെ യാത്രയുടെ ഒരുചെറുരൂപം.
കാനന യാത്ര ആയതുകൊണ്ടുതന്നെ കൃത്യമായ വ്രതം നേരത്തെ തന്നെ എല്ലാവരും തുടങ്ങിയിരുന്നു. ഒൿടോബർ അവസാനത്തെ ആഴ്ച മുതൽ തങ്ങളുടെ വ്രതം തുടങ്ങിയിരുന്നു.കൃത്യമായ പ്രഭാത സവാരിയും പതുക്കെ തുടങ്ങി. 2 ദിവസം കൊണ്ട് 40 കിലോമീറ്ററിൽ അധികം നടക്കണമെന്നതു തന്നെ പ്രഭാതസവാരി നിർബന്ധമാക്കാൻ ന്യായമായ കാരണമായിരുന്നു. അങ്ങിനെ 41 ദിവസങ്ങൾ പച്ചക്കറികളിലൂടെ കടന്നുപോയി. പുറമെനിന്നുള്ള ജങ്ക് ഫുഡും ഒഴിവാക്കി. മറ്റു വ്രതനിഷ്ഠകളും കൃത്യമായിത്തന്നെ പാലിക്കാൻശ്രമിച്ചു.
ശബരിമല ചരിത്രാതീതകാലം മുതൽതന്നെ തീർഥാടനകേന്ദ്രണ്. അങ്ങിനെയാണെങ്കിലും രാമായണത്തിലെ ശബരീപീഠം ഇവിടെ തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാൻ ആവില്ല. എന്നാൽ ശാസ്താവാണു രേഖപ്പെടുത്തിയ ചരിത്രത്തിൽ ഇവിടുത്തെ ആദ്യത്തെ ആരാധന മൂർത്തി. ഉത്തര ഭാരതത്തിലെ ആയിരക്കണക്കിന് ഹിന്ദു ദേവി-ദേവസങ്കലപ്പങ്ങളില്‍ ‘ശാസ്താവ്’ എന്നൊരു പേരു ഉൾപെടുന്നില്ല. എന്നാൽ ദക്ഷിണ ഭാരതത്തിൽ ‘ശാസ്താവ്’ എന്ന നാമം പ്രചുരപ്രചാരം ഉള്ള സങ്കല്പമാണ്. ഇതിനു പുറമെ ഹൈന്ദവ സങ്കല്പങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളായി കരുതുന്ന ഉപനിഷത്തുക്കള്‍, വേദങ്ങള്‍,ഇതിഹാസങ്ങള്‍ തുടങ്ങിയവയില്‍ ഒരിടത്തും ശാസ്താവ് എന്ന ദേവതാ സങ്കല്പം പരാമര്ശിക്കപ്പെട്ടിട്ടില്ല. എന്നാൽ പതിനെട്ടു പുരാണങ്ങളില്‍ ഒന്നായ ബ്രഹ്മാണ്ട പുരാണത്തിലെ ‘ഭൂത നാഥ ഉപാഖ്യാനം’ ത്തിൽ നിന്നാണ് ശാസ്താ സങ്കല്പം രേഖപ്പെടുത്തി തുടങ്ങുന്നത് എന്നു പറയാം.
അയ്യപ്പനെക്കുറിച്ച് നിരവധി കഥകളുണ്ടെങ്കിലും അതിൽ പ്രചുര പ്രചാരം നേടിയ കഥതന്നെ നമുക്കെടുക്കാം. ആലങ്ങാട്ടിനു കീഴിലുള്ള ചെമ്പോല കളരിയിലായിരുന്നു അയ്യപ്പന്റെ ആയുധാഭ്യാസ പഠനം. കരിമലയിൽ താമസിച്ചിരുന്ന ഉദയനൻ എന്നൊരു കൊള്ളക്കാരൻ മറവപടയെ വെച്ചു വ്യാപാരികളെ ഉപദ്രവിക്കുന്ന പതിവുണ്ടായിരുന്നു. അക്കാലത്ത് ആയിരം മല കാട്ടിലൂടെ പാണ്ഡ്യ രാജ്യത്തേക്ക് ചരക്ക് ഗതാഗതം നിലനിന്നിരുന്നു . ആ വ്യാപാരികൾ ആയിരുന്നു ഉദയനന്റെ ലക്‌ഷ്യം. പന്തളത്ത് മടങ്ങിയെത്തിയ അയ്യപ്പൻ കായംകുളം രാജ്യത്തോട് കൊള്ളക്കാരെ അമർച്ച ചെയ്യാൻ സഹായം അഭ്യർത്ഥിക്കുന്നു. വാവർ എന്ന കടൽ കൊള്ളകാരനെ നിലയ്ക്ക് നിർത്താൻ അയ്യപ്പന് കഴിഞ്ഞാൽ സഹായം നൽകാമെന്ന് അവർ ഏൽക്കുന്നു.തുടർന്ന് നടന്ന യുദ്ധത്തിൽ വാവർ അയ്യപ്പനോട് പരാജയപ്പെടുന്നു. പിന്നീട് വാവർ അയ്യപ്പന്റെ സുഹൃത്തതായി മാറുന്നു. തുടർന്ന് പന്തളം, കായകുളം സൈന്യവുമായി അയ്യപ്പനും, വാവരും, കടുത്തയും,കറുപ്പണ്ണയും കാടുകയറുന്നു. അവർ അഴുതക്ക് സമീപമുള്ള ഇഞ്ചിപാറയിലെ കോട്ട വളയുകയും, ഓര്‍ക്കാപുറത്തുള്ള ആക്രമണത്തിലൂടെ മറവപടയെ കീഴ്പ്പെടുത്തി തുരത്തിയോടിക്കുകയുംചെയ്യുന്നു. തുടർന്ന് നടന്ന യുദ്ധത്തിൽ ഉദയനൻ കൊല്ലപ്പെടുന്നു.യുദ്ധത്തിൽ വിജയം വരിച്ചതറിഞ്ഞു എരുമേലിയിൽ അമ്പലപ്പുഴ സംഘം ആദ്യവും,കാട്ടിൽ നിന്നും തിരിച്ചെത്തിയ ആലങ്ങാട് സംഘം രണ്ടാമതും നടത്തിയ ആഹ്ലാദ നൃത്തത്തിന്റെ ഓർമ്മപുതുക്കൽ ആണ് ഇന്നും എരുമേലി പേട്ട തുള്ളൽ എന്ന പേരിൽ ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങൾനടത്തുന്നത് എന്നൊരു വിശ്വാസമുണ്ട്.
യുദ്ധശേഷം അയ്യപ്പന്‍ ശരംകുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു ആലിന്‍റെ ചുവട്ടില്‍ ആയുധം ഉപേക്ഷിക്കുകയും, തുടർന്ന് ശബരിമലയിലേക്ക് നടന്നുനീങ്ങി ശാസ്താവിൽ വിലയംപ്രാപിച്ചുവെന്നുമാണ് വിശ്വാസം.
മണ്ഡലക്കാലതാണ്ഞങ്ങളുടെ ശബരീശരദർശനം.നമ്മുടെ നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ ഇവിടെ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയുംആദ്യത്തെഅഞ്ചുദിവസങ്ങളിലുംഇപ്പോൾ സന്ദർശനമനുവദിക്കുന്നു.
യാത്ര പ്ലാൻ ചെയ്യുമ്പോൾ മൊത്തം 6 പേര് ആയിരുന്നു ഉണ്ടായിരുന്നത് .എന്നാൽ യാത്രാ ദിവസമായപ്പോഴേക്കും അത് 8 പേരായി. സാധാരണ യാത്രകളിൽ യാത്രികരുടെ എണ്ണംകുറയാറാണ്പതിവ്. കൊല്ലം, ഇടുക്കി ,എറണാകുളം, കോഴിക്കോട് ,കണ്ണൂർ ചെന്നൈ, മധുര, ബംഗ്ലൂർ എന്നിങ്ങനെ പല നാട്ടുകാർ,പല ഭാഷക്കാർ.മൂന്നു സംസ്ഥാന ങ്ങളിൽ ജനിച്ചു വളർന്നവർ. ഞങ്ങൾ പലരും പരസ്പരം പരിചയപ്പെട്ട് തന്നെ ട്രെയിനിൽ വച്ചാണ് . ചെന്നൈയിൽ നിന്നുള്ള ത്യാഗരാജനു ഇത് പതിനേഴാമത്തെ വട്ടത്തെ കലിയുഗ വരദനെ തേടിയുള്ള യാത്രയാണ്. പരസ്പരം പരിചയപ്പെട്ടപ്പോൾ സാബ്രദായിക രീതിയിൽ സ്വാമി വിളിയിൽ ആയിരുന്നു സംസാരിച്ചു തുടങ്ങിയത്. എന്നാൽ തിരിച്ചു പോരുമ്പോൾ പല പേരുകളും മാറിയിരുന്നു. പൊറോട്ട സ്വാമി, എ സി സ്വാമി, സോഡാ സ്വാമി ഇങ്ങിനെ പോയി പുതു നാമങ്ങൾ. പുതിയ പേരിനു പിന്നിലുള്ള കഥകൾ വഴിയേ പറയാം.
ഞങ്ങളുടെ കെട്ടുനിറ കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ചായിരുന്നു.
കെട്ടുമുറുക്കുന്ന ചടങ്ങുകളെ കുറിച്ചും അല്പം പറയാം.
കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെ ചിത്രം വെയ്ക്കും. ഇരുമുടി കെട്ടിൽ കൊണ്ടുപോകേണ്ട സാധനങ്ങൾ ഓരോന്നായി എടുത്ത് കെട്ടിവെയ്ക്കുന്നതാണ് ചടങ്ങ്.
അങ്ങിനെ വെക്കുമ്പോൾ മുൻകെട്ടിൽ വഴിപാട് സാധനങ്ങളും, പിൻകെട്ടിൽ ഭക്ഷണ സാധനങ്ങളുമാണ് വെക്കേണ്ടത്.ഇരുമുടി കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള നെയ്ത്തേങ്ങ,അരി , അവൽ, മലർ,തേങ്ങാ, മഞ്ഞൾപൊടി തുടങ്ങിയ പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. ഇരുമുടിയെടുത്ത് അയ്യപ്പനെ മനസിൽ ധ്യാനിച്ച് ശരണംവിളിച്ചു വേണം കെട്ടുമുറുക്ക്തുടങ്ങാൻ.അഭിഷേകപ്രിയനെ പ്രാർഥിച്ചാണ് നെയ്ത്തേങ്ങ നിറയ്ക്കുന്നത്. നാളികേരത്തിൽ ആദ്യത്തെ നെയ്യ് ഒഴിച്ചു കൊടുക്കേണ്ടതും കൊണ്ട് പോവുന്ന ഭക്തനാണ്. നെയ് നിറച്ച ശേഷം കോർക്കുകൊണ്ട് അടച്ച് അതിനു മുകളിൽ പർപ്പടകം നനച്ച് ഒട്ടിക്കണം. അന്നദാന പ്രഭുവിനെ ശരണംവിളിച്ച് കെട്ടിൽ മൂന്നുതവണ അരിയിടണം. തെളിച്ച നിലവിളക്കിനു മുന്നിൽ വെറ്റിലയും പാക്കും നാണയവുമായി പൂർവികരെഓർത്ത്ദക്ഷിണവെയ്ക്കണം.
തിരുനക്കരഅമ്പലത്തിൽഗണപതിക്കു തേങ്ങ ഉടച്ചു ഞങ്ങൾ ഒരുമിച്ചുള്ള യാത്ര തുടങ്ങി. ഇപ്പോൾ സമയം രാവിലെ 10.30AM. ഞങ്ങളുടെ ലക്ഷ്യം നേരെ എരുമേലിയാണ്. എരുമേലിയിലാണ് പ്രസിദ്ധമായ ശാസ്താക്ഷേത്രവും, വാവരു സ്വാമിയുടെ പള്ളിയും സ്ഥിതിചെയ്യുന്നത് .ഐതിഹ്യത്തിലേക്കാണ് നമ്മൾ കടക്കുന്നതെങ്കിൽ മഹിഷി മർദ്ദനം നടന്ന സ്ഥലമാണ് എരുമേലി. ഞങ്ങൾ നേരെ കൊച്ചാമ്പലത്തിൽ കയറി. തുടർന്ന് വാവരു പള്ളിയിലേക്ക് കയറി. സമയം പന്ത്രണ്ടര. വെള്ളിയാഴ്ച . അതെ പള്ളിക്കകത്ത് ജുമാ നിസ്ക്കാരം നടക്കുകയാണ് . ഒന്നു വലം വച്ചശേഷം,പള്ളിയിൽ നിന്നും ഇറങ്ങി. അടുത്ത ലക്ഷ്യം എരുമേലിയിലെ വലിയ ശാസ്താ ക്ഷേത്രം തന്നെ. പേട്ടതുള്ളി കൊണ്ടാണ് ഭക്തജനങ്ങളുടെ വരവും പോക്കും വരവും. നേരെ പോയി തൊഴുതു. ഞങ്ങൾ തൊഴുതു ഇറങ്ങുമ്പോഴേക്കും നടയടച്ചുരുന്നു. ആദ്യമായാണ് നടതുറന്നിരിക്കുമ്പോൾ എരുമേലിയിൽ തൊഴാൻ പറ്റുന്നത്. ഇവിടെ അയ്യപ്പസേവാ സംഘത്തിന്റെ പേരിൽ അന്നദാനം ഉണ്ടായിരുന്നു. നേരെ തന്നെ അന്നദാന കൗണ്ടറിലേക്ക് പോയി ഭക്ഷണം കഴിച്ചു- പയർ ഇട്ട കഞ്ഞി. ഇപ്പോൾ നന്നായി കഴിച്ചാലേ ഇന്നത്തെ നടത്തത്തിനുള്ള ആരോഗ്യം കിട്ടൂ. ഇന്നത്തെ ദിവസം 20KM ഓളം നടക്കാനുണ്ട്. ഞങ്ങൾ സുഭിക്ഷമായി തന്നെ ഭക്ഷണം കഴിച്ചു.
കൊച്ചമ്പലത്തിൽ നിന്നാണ് പേട്ട തുള്ളൽ ആരംഭിക്കുന്നത്. ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ച് റോഡിന് എതിർവശത്തുള്ള വാവരു പള്ളിയിൽ കയറി , പ്രദക്ഷിണംവെച്ച് കാണിക്കയിട്ട് വാവരു സ്വാമിയെ പ്രാർഥിച്ച് ഇറങ്ങി നേരെ വലിയമ്പലത്തിലേക്ക് . അവിടെ പ്രദിക്ഷിണംവെച്ചാണ് പേട്ടതുള്ളൽ പൂർത്തിയാക്കുക.
എരുമേലി അമ്പലത്തിനു മുന്നിലൂടെ പോകുന്ന അരുവിയിലെ വെള്ളം കണ്ടപ്പോൾ സങ്കടം തോന്നി .ഇത്രമാത്രം മാലിന്യമോ?വലിയ ഒഴുക്കുമില്ല! ലക്ഷക്കണക്കിന് ഭക്തർ ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇതിലെ വരും എന്ന് അറിയാത്തവരല്ല ഈ ആറു സംരക്ഷിക്കാൻ വേണ്ടപ്പെട്ടവർ- അത് ആരായാലും. എന്നാലും കുളിക്കേണ്ടവർക്ക് അവിടെ നീളത്തിൽ ഷവർ ഒരുക്കിയിട്ടുണ്ട് . ഭക്തർക്ക് നിന്നു കൊണ്ട് കുളിക്കാം. നദിയിൽ ഇറങ്ങേണ്ട ആവശ്യമില്ല. എന്നാൽഇതൊന്നും പുഴ മലിനമായി കിടക്കുന്നതിന് ന്യായീകരണമല്ല.
പേരൂർ തോട്, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ് എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ.
തിരിഞ്ഞുനോക്കാതെഞങ്ങൾനടന്നുതുടങ്ങി.ഒരുപാട് ദൂരം നടക്കാനുണ്ട്. 41 ദിവസത്തെ വൃതത്തിന്റെ സാഫല്യം തേടിയുള്ള യാത്രയാണ്. മഴ മാറി നിൽക്കുന്നുണ്ട്. കാർമേഘങ്ങളെ അടുത്തൊന്നും കാണുന്നില്ല. ഇപ്പോഴത്തെ നടത്തം ടാറിട്ട റോഡിലൂടെയാണ് .കുറച്ചുകഴിഞ്ഞാൽ അത് സിമന്റ് റോഡ് ആവും. തുടർന്നു മണ്ണ് റോഡിലേക്ക് . അതും കഴിഞ്ഞാൽ മണ്ണ് നടപ്പാത. പിന്നെ കാട്ടുപാത. ഞങ്ങളുടെ അടുത്ത ലക്ഷ്യം പേരൂർ തോടാണ്. വലിയ കൈതച്ചക്ക തോട്ടങ്ങൾ വഴിയില്‍ കണ്ടു. കടല വിൽക്കുന്നവരെയും , തണ്ണിമത്തൻ വിൽക്കുന്നവരെയും ഇതിനിടയിൽ ധാരാളം കണ്ടു. അങ്ങനെ ഞങ്ങളുടെ യാത്രയുടെ ആദ്യ പോയിന്റ് എത്തി- പേരൂർ തോട്.അവിടെ അല്പസ്വല്പം കടകൾ ഉണ്ട്.പേരൂർതോട് പൊരിവിതറൽ വഴിപാട് നടത്തിയാണ് ഭക്തർ യാത്രതുടരാറ്.
പല വേഗത്തിൽ നടക്കുന്നവരായിരുന്നു ഞങ്ങൾ 8 പേരും. വേഗത്തിൽ പോയവർ നേരത്തെ പറഞ്ഞതിന് പ്രകാരം പേരൂർ തോടിൽ കാത്ത് നിലക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഞങ്ങൾ അവിടെ ഒത്തുചേർന്നു. തുടർന്ന് കടയിൽ കയറി കപ്പയും ചമ്മന്തിയും കഴിച്ചു. ഒത്തുചേരാനുള്ള അടുത്ത് ലക്ഷ്യസ്ഥാനം ഇതിനിടയിൽ അവിടെവെച്ച് തീരുമാനിച്ചു -കാളകെട്ടി. അവിടെയൊരു ശിവപാർവ്വതി ക്ഷേത്രമുണ്ടു . കൂടുതൽ ആളുകൾ ഒന്നിച്ചുള്ള പദയാത്രയ്ക്ക് ഇങ്ങനെ മീറ്റിങ്ങ് പോയിന്റുകൾ കണ്ടു വയ്ക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു . എല്ലാവർക്കും ഒരേ വേഗത്തിൽ നടക്കാൻ പറ്റില്ല എന്നതുതന്നെ കാരണം. ചിലർ സമതല പ്രദേശത്ത് വേഗത്തിൽ നടക്കുന്നവർ ആണെങ്കിൽ മറ്റു ചിലർ ഇറക്കത്തിൽ ആയിരിക്കും വേഗത്തിൽ നടക്കുന്നത്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയെ അനുസരിച്ച് ഇതെല്ലാം മാറിക്കൊണ്ടിരിക്കും.
അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇനി ടാറിട്ട വലിയറോഡിൽനിന്നും ഇറങ്ങാം. ഇനിയുള്ള വഴികൾ ചെറുതാണ്. പല മണ്ണ് പാതകളും സിമന്റ്നു വഴിമാറി കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കണ്ട ക്ഷേത്രങ്ങളില് കയറി തൊഴുതു. പ്രധാനമായും ഒരു കയറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം സമതലപ്രദേശങ്ങളിൽ കൂടിയുള്ള യാത്ര തന്നെ . അങ്ങനെ നാല് മണിയോടെ കാളകെട്ടിയിൽ ഒത്തുചേർന്നു. ഇപ്പോഴത്തെ പ്രധാന ചർച്ച ഇന്നത്തെ രാത്രി അഴുതയിൽ താമസിക്കണമോ, അതോ അതിനടുത്ത താവളമായ കല്ലിടാംകുന്നിൽപോയിതാമസിക്കണോ എന്നതായിരുന്നു. ചർച്ചയിലെ പ്രധാന വാദങ്ങൾ ഇവയൊക്കെയായിരുന്നു.അഴുതയിൽ താമസിക്കുകയാണെങ്കിൽ രാവിലെ അഴുതാ നദിയിൽ കുളിക്കാം . അങ്ങിനെയാവുമ്പോൾ രാവിലെ കല്ലിടാംകുന്നിലേക്ക് വരെയുള്ള കയറ്റം കയറണം.അതു ക്ഷീണം ഉണ്ടാക്കും. എന്നാൽ വൈകീട്ട് തന്നെ കല്ലിടംകുന്ന്നു കയറിയാൽ ക്ഷീണം ഉറങ്ങി തീർക്കാം.അതിനു പുറമെ നാളത്തെ കരിമല കയറ്റം പൂർണ്ണ ആരോഗ്യത്തോടെ നടത്തുകയും ആവാം.പ്രശ്നം കല്ലിടാംകുന്നിലെ സ്നാനം തന്നെ. കഥ വഴിയേപറയാം.
ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത് കാളകെട്ടിയിലെ ശിവപാർവതി ക്ഷേത്രത്തിനു മുന്നിലാണ്. മണികണ്ഠന്റെ അവതാരോദ്ദേശമായ മഹിഷീ നിഗ്രഹം ശിവ പാർവതിമാർ ഇവിടെയിരുന്നാണ് വീക്ഷിച്ചതെന്നാണ് ഐതിഹ്യം.മഹിഷിയെ നിഗ്രഹിച്ച മണികണ്ഠനെ കാണാൻ ശിവപാർവ്വതിമാർ കാള പുറത്ത് എത്തിയെന്നും ,കാളയെ കെട്ടിയ സ്ഥലമെന്ന രീതിയിൽ ആണ് കാളകെട്ടി എന്ന സ്ഥലനാമം ലഭിച്ചത് എന്നുമാണ് ഐതിഹ്യം. കാളയെ കെട്ടിയതെന്ന് ഭക്തജനം വിശ്വസിക്കുന്ന ആഞ്ചിലിമരം ക്ഷേത്രവളപ്പിൽ തന്നെയുണ്ട്.
ഞങ്ങൾ എല്ലാവരും നല്ലോണ്ണം തന്നെ വിയർക്കുന്നുണ്ട്. അഴുതയിലെ കുളി ഈ ഘട്ടത്തിൽ അത്യാവശ്യമാണ് .അഴുതയെ കുറിച്ച് പറയുമ്പോൾ നല്ല ഒഴുക്കുള്ള വെള്ളമാണ്. മഴക്കാലത്ത് കരകവിഞ്ഞു ഒഴുകുന്ന നദിയാണ്. വഴിയിൽ ഇടയ്ക്ക് ശരണം വിളികളുമായി ഒറ്റക്കും കൂട്ടായും അയ്യപ്പൻമാരെ കണ്ടു. വന പാതയിലൂടെയുള്ള സീസൺ ആയിട്ടില്ല എന്ന് തോന്നുന്നു. പലയിടത്തും ടെന്റുകൾ കെട്ടി തുടങ്ങുന്നതേയുള്ളൂ. മകരവിളക്ക് സമയത്ത് ഇതുവഴി വൻതിരക്കായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഇടംവലം നോക്കാതെ നടന്നു. അഞ്ചരക്ക് മുമ്പ് തന്നെ അഴുത കടക്കാനാണ് നിങ്ങളുടെ തീരുമാനം. അതിനുമുമ്പ് ഒരു വിശാലമായ നീരാട്ട് നടത്തണം . അതിന്റെ ശക്തിയും പേറി കല്ലിടാംകുന്നിലെത്തണം.
ആറു മണിക്കു ശേഷം അഴുതാനദി കടത്തി ആരെയും വിടാറില്ല.പോലീസും ഫോറസ്റ്റ് വിഭാഗവും അവിടെയുണ്ട് . നല്ല നിബിഡ വനത്തിലേക്കാണ് അഴുത നദി കടന്നു നമുക്ക് കയറാനുള്ളതു. രാത്രി ഇതുവഴിയുള്ള യാത്ര വളരെ ആപത്കരമാണ്. നിലവിളിച്ചാൽ പോലും ഓടി വരാൻ ആർക്കും സാധിക്കില്ല. ആനകളുടെയും, മറ്റ് വന്യമൃഗങ്ങളുടെയും സഞ്ചാരമേഖലയാണ്. അടുത്ത താവളം കല്ലിടാം കുന്ന്. രണ്ടുമണിക്കൂർ യാത്രയാണ് അവിടെ എത്താൻ ഉള്ളത്. അതുകൊണ്ടാണ് ആറു മണി എന്ന കടമ്പ പോലീസ് എഴുതി വച്ചിട്ടുള്ളത്. അഴുതയിൽ നിന്നും കല്ലിടാം കുന്നിലേക്കുള്ള കയറ്റം വളരെ ചെങ്കുത്താന്. അതിനാൽ തന്നെ ആളുകൾ വളരെ വേഗം ക്ഷീണിക്കും. പുലർച്ച ഈ കയറ്റം നിറഞ്ഞുള്ള യാത്ര ഒഴിവാക്കുക എന്ന ഉദ്ദേശവും കല്ലിടാം കുന്ന് ഞങ്ങളുടെ രാത്രി താവള തീരുമാനിച്ചതിനു പിന്നിൽ ഉണ്ടായിരുന്നു.
നാല് മുക്കാലോട് കൂടി ഞങ്ങൾ അഴുതാനദിയിൽ എത്തി. വിരി വെക്കാൻ ഉള്ള സ്ഥലത്ത് ഇരുമുടിക്കെട്ട് വെച്ചു.ഒരു കട്ടൻ ചായ കുടിച്ച ശേഷം, നീരാട്ട് വിശാലമായി തന്നെ നടത്തി. പുഴയിൽ കുളിച്ച ശേഷം ഉള്ള യാത്രക്ക് ഉന്മേഷം കൂടുതലാണ്. അഴുത നദിക്ക് ശബരിമല ഐതിഹ്യത്തിൽ പ്രമുഖ സ്ഥാനമുണ്ട്. കന്നി അയ്യപ്പന്മാർ അഴുതയിൽ നിന്നും ഉരുളൻകല്ല് പെറുക്കി കല്ലിടാംകുന്നിൽ നിക്ഷേപിക്കണം എന്നൊരു ചടങ്ങുണ്ട്.
അഞ്ചരയോട് കൂടി ഞങ്ങൾ അഴുതയിലെ പാലം കടന്നു. അടുത്ത ഒന്നു രണ്ട് മണിക്കൂർ കുത്തനെ ഉള്ള നടത്തമാണ്. അഴുത മുതൽ ഇഞ്ചിപ്പാറ കോട്ട വരെ കഠിനമായ കയറ്റം തന്നെയാണ്. അതിനു പുറമെ ഇരുട്ടു വ്യാപിച്ചു തുടങ്ങാൻ ആയിട്ടുണ്ട്. തോൾ സഞ്ചിയിൽ നിന്നും ടോർച്ച് പുറമേക്ക് വരാൻ തുടിച്ചു നിൽക്കുകയാണ്. ആന സഞ്ചാരം ഉള്ള വഴിയാണ്. ഇടക്ക് പഴകിയ ആനപ്പിണ്ടം കണ്ടു. അപ്പോൾ നടത്തത്തിന് ഒരു വേഗം കൂടിയോ? വലിയ മരത്തിന്റെ വേരുകളിലും, പാറകെട്ടുകളിലും ചവിട്ടിയാണ് മുകളിലോട്ട് ഉള്ള യാത്ര.അഴുത കഴിഞ്ഞാൽ കാടിന്റെ വന്യതയേറും എന്നു പറയുന്നത് വേറുതെയല്ല.ഇതിനിടയിൽ ഞങ്ങൾചില ടെന്റുകൾ കടന്നു പോയി. ഈ ടെന്റുകൾ മണ്ഡല കാലത്തേക്ക് മാത്രം ഉയരുന്നതാണു. ഇഞ്ചിപ്പാറയിൽ നിന്നും ഉള്ളവരുടെതാണ് ഇവടെയുള്ള ടെന്റുകൾ. യാത്രികർക്ക് വേണ്ട വെള്ളവുംമറ്റു ആവശ്യ വസ്തുക്കളും ഇത്തരം ടെന്റുകളിൽ നിന്നു വാങ്ങാം. ഞങ്ങൾ ഉപ്പിട്ട് സോഡാ ആണ് പ്രധാനമായും വാങ്ങി കുടിച്ചത്.കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സോഡാ കഴിച്ച ആള്‍ക്ക് പുതിയ ഇരട്ടപേരും വീണു. മഴത്തുള്ളികൾ പൊടിഞ്ഞു തുടങ്ങി. ആദ്യം ഞങ്ങൾ അതിനെ അവഗണിച്ചു. വലിയ മഴ ഉണ്ടായാൽ നാളത്തെ യാത്ര എളുപ്പമാവില്ല എന്ന തിരിച്ചറിവ് ഭയം ജനിപ്പിച്ചോ? കുറച്ചു നേരം ചാറ്റൽ മഴ കാരണം ഒരു ടെന്റിൽ കയറി ഇരുന്നു. മഴകുറഞ്ഞപ്പോൾ നടന്നുതുടങ്ങി.
അഴുതയിൽ നിന്നെടുത്ത ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞുകിടക്കുന്ന സ്ഥലം കണ്ടതും , ഇന്നത്തെ താവളം എത്തിയെന്ന തിരിച്ചറിവ് കിട്ടി. ഇപ്പോൾ സമയം 7.35 PM. മൊത്തം 6 മണിക്കൂർനടന്നു. നല്ല ഉയരത്തിലുള്ള സ്ഥലമാണ് കല്ലിടാംകുന്ന്. അതു കൊണ്ടു തന്നെ വെള്ളം നല്ല വിലപിടിപ്പുള്ള സാധനമാണ്. കുളിക്കാൻ 25 രൂപ കൊടുക്കണം. Toilet ഉപയോഗിക്കാനും 25 രൂപ തന്നെ. വിരിയിൽ ഇരുമുടി കെട്ട് വെച്ചു നേരത്തെ എത്തിയ ഞങ്ങളുടെ കൂടെയുള്ള സ്വാമിമാരുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. എല്ലാവരുംക്ഷീണിച്ചുതുടങ്ങിയിട്ടുണ്ട്.തുടർന്ന് താവളത്തിൽ നിന്നും നല്ല ചൂട് കഞ്ഞി കഴിച്ചു. കൂടെ എരിവുള്ള ചമ്മന്തിയും.കപ്പയും കൂട്ടിനു ഉണ്ടായിരുന്നു. ക്ഷീണം വിട്ടു പോയ വഴി അറിഞ്ഞില്ല എന്നു ആലങ്കാരികമായി പറയാം.എന്നാല്‍ കൂട്ടത്തിലെ ഒരു സ്വാമി അപ്പോളും പോറാട്ടാ തേടി പോയിരുന്നു, ഞങ്ങൾ 8.30PM മണിയോടെ കിടന്നു. വേറെ ഒന്നുംതന്നെ ചെയ്യാനില്ല. മൊബൈലിന് നേരാംവണ്ണം റേഞ്ചു പോലുമില്ല. രാത്രി 2 മണിയോട് കൂടി ഞങ്ങളിൽ പലരും എണീറ്റു. ചില അതിഥികൾ വന്നതറിഞ്ഞു കാടിന്റെ മക്കൾ വന്നതാണ് സംഭവം. ഇങ്ങിനെ ആന വരുന്നത് ഇവിടെ സാധാരണ സംഭവം ആണെന്ന് കടയിൽ ഉണ്ടായിരുന്ന ചേട്ടൻ പറഞ്ഞു. പടക്കം പൊട്ടിച്ചു ആനയെ പറഞ്ഞയച്ചു. കാടിന്റെ മക്കൾ ഒന്നും സംഭിവിക്കാത്തതു പോലെ നടന്നകന്നു. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാൽ ആരും താവളത്തിന് പുറത്ത് വരരുത് എന്നു കടയിലെ ചേട്ടൻ ഉറങ്ങാൻ പോവുന്നതിനു മുൻപ് ഞങ്ങൾക്ക് കൃത്യമായ നിർദേശം നൽകിയിരുന്നു.
രാവിലെ നാലു മണിയോടെ തന്നെ എണീറ്റു. നേരെ പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. 2 മാസത്തേക്ക് ഉണ്ടാക്കി താൽക്കാലിക സൗകര്യങ്ങൾ ആണെങ്കിലും നല്ല വൃത്തിയുള്ള സംവിധാനങ്ങൾ. അലുമിനിയം ഷീറ്റ് വെച്ചു ഉണ്ടാക്കിയ മുറികൾ ആണ് പ്രഭാത കൃത്യങ്ങൾ നടത്താൻ ഉള്ളത്. ചെറിയ ഒരു അപകടവും കുളിക്കിടയിൽ എനിക്ക് പറ്റി. അലുമിനിയം ഷീറ്റിൽ കൈ മുട്ട് ഇടിച്ചു .നല്ല വണ്ണം ചോര വന്നു. കുളിക്കാൻ കൊണ്ട് പോയ വെള്ള തോർത്തിന്‍റെ ഒരു ഭാഗം മൊത്തം ചുവന്ന തോർത്ത് ആക്കിയാണ് കൊണ്ടു വന്നത്. പമ്പയിൽ പോയി TT എടുക്കണം എന്നു താവളത്തിലെ ചേട്ടൻ ഉപദേശിച്ചു. മുക്കുഴിയിൽ ഒരു മെഡിക്കൽ സെന്റർ ഉണ്ട് .അവിടെ TT സൗകര്യം ഉണ്ടെങ്കിൽ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. എല്ലാവരും എണീറ്റപ്പോഴെക്കും സമയം 6AM മണി. പ്രഭാത ഭക്ഷണം മുക്കുഴിയിൽ നിന്നും ആക്കാം എന്നു തീരുമാനിച്ചു. 6.20AM ഓട് കൂടി ഞങ്ങൾ താവളം വിട്ടിറങ്ങി. വഴിയിൽ ഉടനീളം പക്ഷികളുടെ സംഗീതം കേട്ടു. ആകാശം മുട്ടുന്നോ എന്നു തോന്നിക്കുന്ന മരങ്ങൾ വഴിയിൽ ധാരാളമായി ഉണ്ടായിരുന്നു. ഫ്രഷ് ആനപ്പിണ്ടം കണ്ടപ്പോൾ നടത്തത്തിൽ വേഗം കൂടി. മുക്കുഴിയും കരിമലയും ആനകളുടെ സാങ്കേതമാണ്.മുക്കുഴിയിലെ താവളം ആളനക്കം ഉള്ള സ്ഥലമാണ്. അവിടെ നിരവധി കടകൾ ഉണ്ട്. ശരിക്കും അഴുത കഴിഞ്ഞാൽ മുക്കുഴിയാണ് രാത്രി താമസത്തിന് പറ്റിയ സ്ഥലം. ചെറിയ മെഡിക്കൽ സെന്റര് അടക്കം അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്. മാത്രമല്ല വെള്ളം ധാരണം ഉള്ള സ്ഥലമാണ്. എന്നാൽ കാടിനെ അറിഞ്ഞു പക്ഷികളുടെ ചിലമ്പും കേട്ടു ഉറങ്ങണമെന്നാന്നെങ്കിൽ കല്ലിടാംകുന്നു തന്നെ മികച്ചത്. 40 മിനിട്ടുകൊണ്ടു ഞങ്ങൾ മുക്കുഴി എത്തി. പല വേഗത്തിൽ പോയ ഞങ്ങൾ എല്ലാവരും പരസ്പരം കണ്ടു മുട്ടിയത് മുക്കുഴിയിൽ വച്ചായിരുന്നു. നടത്തത്തിന്റെ വേഗതയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ 2 സെറ്റുകൾ ആയി മാറിയിരിക്കുന്നു. പുട്ടും കടലയും ആയിരുന്നു പ്രഭാത ഭക്ഷണം. കുളിമുറിയും,ടോയ്‌ലെറ്റ്ഉപയോഗിക്കാനും10രൂപവീതമാണ്ചാർജ്.
8 മണിയോടെ ഞങ്ങൾ മുക്കുഴിയിൽ നിന്നും ഇറങ്ങി. Refrigerator സൗകര്യം ഇല്ലാത്തതു കൊണ്ടു TT അടിക്കാൻ പറ്റിയില്ല. എന്നാൽ മെഡിക്കൽ സെന്റെറിൽ കണ്ട ഡോക്ടർരോട് സംസാരിച്ചപ്പോൾ ബഹുമാനം തോന്നി. മാങ്ങ നിറഞ്ഞ കൊമ്പു താണ് നിൽക്കും എന്നു പറയുന്നത് സത്യം തന്നെ. വിനയത്തോടെ സംസാരിച്ച ഡോക്ടർ ശരണവഴിയിൽ എല്ലാവരും അയ്യപ്പന്മാർ ആണെന്ന ഒരു ഓർമപ്പെടുത്തലായി.
അടുത്ത ലക്ഷ്യ സ്ഥാനം കരിമലയുടെ ടോപ്പ് ആണ്. അവിടെ അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനമുണ്ടു. അവിടെ കാണാം എന്ന പറഞ്ഞു ഞങ്ങൾ പല സംഘങ്ങളായി പിരിഞ്ഞു. വഴിയിൽ പുതുശേരി മന, കരിയിലാം തൊട് എന്നീ സ്ഥലങ്ങൾ കടക്കണം. മുക്കുഴിയിൽ നിന്നും 18km ഉണ്ട് പമ്പയിലേക്ക്. പുതുശേരി യിലേക്ക് 8km, കരിമലയിലേക്ക് 12km എന്നെല്ലാം വിശദമായി എഴുതിയ ഒരു ബോർഡ് മുക്കുഴിയിലുണ്ട്.കരിമല ലക്ഷ്യമാക്കി ഞാൻ മുന്നിൽ പോയി. എനിക്ക് ഉയരം കയറുമ്പോൾ വേഗത കുറവാണ്.അതുകൊണ്ടു സമതലങ്ങളിൽ വേഗത്തിൽ പോയാൽ ,കയറ്റത്തിൽ വേഗം കുറഞ്ഞാലും അവരുടെ കൂടെ തന്നെ പമ്പയിൽ എത്താം എന്നതായിരുന്നുഉദ്ദേശ്യം.
കരിമല 7 തട്ടായാണ് കിടക്കുന്നത്. കയറുമ്പോൾ നമ്മൾ ഈ തട്ടുകൾ കൃത്യമായി അറിയും . എന്നാൽ ഇറങ്ങുമ്പോൾ ഒരു തട്ട് ആയേ അനുഭവപ്പെടൂ. വന്‍ ഇറക്കം ആണ്. വന്മരങ്ങൾ തണൽ വിരിച്ച വഴികളിലൂടെ കരിമലയുടെ ഉയരങ്ങൾ തേടി ഞങ്ങൾ നടന്നു. മലകയറ്റത്തിലെ കഠിനമായ ഘട്ടം കരിമല എന്നാണ് പറയാറ്. ഇറക്കവും കഠിനം തന്നെ. ശരണം വിളികള്‍ ഏറ്റവും കേട്ടതും കരിമല കയറ്റതിനിടയില്‍ ആയിരുന്നു.
11AM മണിയോടെ ഞങ്ങള്‍ കരിമലയുടെ ടോപ്പിൽ എത്തിച്ചേർന്നു. ഞങ്ങളുടെ കൂട്ടത്തിലെ അവസാനസെറ്റ്11.45AMആയപ്പോളെക്കുംഅവിടെഎത്തിചേർന്നു. ഇതിനിടയിൽ ഞങ്ങൾ നല്ല ചൂടുകഞ്ഞി കഴിച്ചു.കൂടെ അച്ചാറും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം ആയിരുന്നത്. അവിടെനിന്നുംഅന്നദാനം കഴിക്കാതെ ആരും പോവാറില്ല .കാരണം കരിമല കയറ്റത്തിന്റെ ക്ഷീണം തന്നെ. എല്ലാവരെയും ഒന്നായി കണ്ടു വിളമ്പുന്ന ഈ സേവനതാത്പരതയെ പ്രശംസിക്കാതെവയ്യ.
ഞങ്ങൾആദ്യസംഘംകരിമലയിറക്കംതുടങ്ങിയത്11.45AMഓട്കൂടി. വലിയനവട്ടവും,ചെറിയാനവട്ടവുംകഴിഞ്ഞാൽപമ്പ. പമ്പയിൽ എത്തുമ്പോൾ സമയം1.30PM.
ഞങ്ങൾ പമ്പയിൽ എത്തിയപ്പോൾ ആദ്യമേ പോയതു virtual ക്യൂ വിൽ സീല്‍ വാങ്ങാനാണ്. തുടർന്ന് പമ്പയിൽ നീരാട്ടിനിറങ്ങി. നദിയിൽ നിന്നും മുണ്ടുകൾ പെറുക്കി ഇടാൻവലിയ കോട്ട വച്ചിട്ടുണ്ടായിരുന്നു.. അന്യ സംസ്ഥാന സ്വാമിമാർ കറുപ്പ് മുണ്ടു നദിയിൽ ഒഴുക്കി കളയുന്ന ഒരു പുതിയ ആചാരം കുറച്ചു വർഷങ്ങൾ ആയിതുടങ്ങിയിട്ടുണ്ട്. ഉച്ച ഭക്ഷണം ദേവസ്സ്വത്തിന്റെ അന്നദാന ഹാളില്‍ നിന്ന് തന്നെ.പൊങ്കല്‍ ആയിരുന്നു കഴിച്ചത്. ഞങ്ങള്‍ കഴിച്ചു ഇറങ്ങിയപ്പോളെക്കും ഞങ്ങളുടെ രണ്ടാമത്തെ സംഘവും എത്തിച്ചേരുന്നു. അവര്‍ എത്തിയപ്പോള്‍ സമയം 3.20 PM. അവരെ കാത്തിരിക്കാതെ ഞങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറാം എന്ന് തീരുമാനിച്ചു. എന്നാല്‍ ക്യൂ പമ്പയില്‍ നിന്നും തുടങ്ങിയിരുന്നു. ഒരു മണിക്കൂര്‍ പമ്പയില്‍ തന്നെ വരിയില്‍ നില്‍കേണ്ടി വന്നു. പമ്പാ ഗണപതിയെ തൊഴുതു ഞങ്ങള്‍ മലകയറ്റം തുടങ്ങി. നല്ല തിരക്ക് ആയിരുന്നു.ഡിസംബര്‍ തുടക്കത്തില്‍ ഓഖി ചുഴലി കാറ്റിനെ പേടിച്ചു വരാതിരുന്നവര്‍ മൊത്തം ഈ രണ്ടാം ശനിയാഴ്ച ആണ് വന്നതു എന്ന് തോന്നുന്നു. അതിനു പുറമേ ഒഴിവു ദിവസം ആയതിന്റെ തിരക്കും ഉണ്ട്. സന്നിധാനത്തിനു താഴെയുള്ള നടപന്തലില്‍ എത്തുമ്പോള്‍ സമയം 6.40PM എന്നാല്‍ അവിടെ നിന്നാണ് ശരിക്കും തിരക്ക് എന്താണെന് മനസിലായത്. ഒരു 5 മിനിറ്റിലും ഒന്നോ രണ്ടോ അടി മാത്രം മുന്നോട്ടു നീങ്ങി. ഇത്ര പതുക്കെ virtual ക്യൂ നീങ്ങിയതിന്റെ കാരണം അപ്പോള്‍ മനസിലായില്ല. 10.20 PM ആയപ്പോള്‍ ആണ് virtual ക്യൂ കഴിഞ്ഞു പൊതു ക്യൂ വിലേക്ക് മാറിയത്. അപ്പോള്‍ ആണ് virtual ക്യൂ വിന്റെ ആമ അനങ്ങുന്ന വേഗത്തില്‍ രീതിയിലുള്ള വേഗത്തിന്റെ രഹസ്യം മനസിലായത്. 5 സാധാരണ ക്യൂ കടത്തിവിടുമ്പോള്‍ ആണ് രണ്ടു വരികള്‍ ഉള്ള virtual ക്യൂ നിന്നും ആളുകളെ പൊതു ക്യൂ വിലേക്ക് മാറ്റുന്നത്. തിരക്ക് നിയത്രിക്കാന്‍ പോലീസ് നല്ല വണ്ണം കഷട്ടപെടുന്നുണ്ടായിരുന്നു. അങ്ങിനെ ദര്‍ശന സൌഭാഗ്യം കിട്ടി ഇറങ്ങുമ്പോള്‍ സമയം 10.45 PM. പതുക്കെ വന്ന ഞങ്ങളുടെ രണ്ടാമത്തെ സെറ്റ് പമ്പയിലെ ക്യൂ വില്‍ കയറിയത് 5.20 pm നു ആയിരുന്നു. എന്നാല്‍ നട 11.30 PM മണിക്ക് അടച്ചത് കൊണ്ട് അവര്‍ക്ക് ദര്‍ശനം ലഭിച്ചത് പുലര്‍ച്ചെ 3 AM നു ആയിരുന്നു.
കടൽനിരപ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെസ്ഥാനം. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ നടത്തിവരുന്നതു .
18 മലകൾ : ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡൽമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.
ഈ കാനന യാത്രയിൽ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയ ഒരു കാര്യം വഴിയിൽ ഉടനീളം കണ്ട സേവന തത്പരരായ സമൂഹമാണ്. അവരില്‍ പോലീസ് ഉണ്ട്,ദൃതതകര്‍മ്മ സേനയുണ്ട് ,കേന്ദ്ര സേനയുണ്ട് ,ഡോക്ടര്‍മാരുണ്ട് ,ക്ലീനിംഗ് സ്റാഫ് ഉണ്ട്,മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുണ്ട്.അങ്ങിനെ സമൂഹത്തിലെ എല്ലാ തുറയില്‍ പെട്ടവരുമുണ്ട് . താത്കാലിക മെഡിക്കൽ സെന്ററുകൾ എടുത്തു പറയേണ്ടവ ആണ്. സേവന താത്പരരായ ഡോക്ടർമാർ അയ്യപ്പന്മാർക്ക് ഒരു അനുഗ്രഹം തന്നെയാണ്. ശ്വാസ തടസ്സം ഉള്ളവർക്കുസഹായത്തിനു oxygen പാർലറുകൾ എല്ലായിടത്തുംകാണാം.പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്നവര്‍ കയ്യില്‍ കുടിവെള്ളം കരുതേണ്ടതില്ല. വഴിയിലുടനീളം ചുക്ക്വെള്ളം കിട്ടുന്നതാണ്. സന്നിധാനത്തിനു താഴെ നടപന്തലില്‍ ഒരു കിലോമീറ്ററില്‍ താഴെ ദൂരം താണ്ടാന്‍ ഞങ്ങള്‍ എടുത്തത് 4 മണിക്കൂര്‍ ആണ്. ആ സമയത്ത് കണ്ട കാഴ്ചകള്‍ പലതായിരുന്നു. പലതരം അസുഖങ്ങള്‍ വന്നവരെ പോലീസും, മറ്റു ദ്രുതകര്‍മ്മ സേനകളും വിശ്രമമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്ന കാഴ്ച അവരുടെ കര്‍മ്മ നിരതയ്ക്ക് മുന്നില്‍ തലകുനിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.കൂട്ടം തെറ്റിയവരെ മൈക്ക് വഴി വിളിക്കുന്ന ചടങ്ങ് നിര്‍ബാധം തുടരുന്നുണ്ടായിരുന്നു. “എന്‍റെ കൂടെ വന്ന 30 സ്വാമിമാര്‍ക്ക് വഴി തെറ്റി പോയിടുണ്ട്” എന്നു പണ്ടൊരു സ്വാമി നടത്തിയ അന്നൌണ്സ്‌മെന്റ് ഒന്നോര്‍ത്ത് പോയി.
കല്ലും, മുള്ളും നിറഞ്ഞ ദുർഘടമായ പാത ആത്മസായൂജ്യത്തെ തേടി പോവുന്ന ഭക്തനെ പിന്തിരിപ്പിക്കില്ല. കാരണം ഇവിടെ മണ്ഡലവ്രതമാകുന്ന യജ്ഞത്തിൽ ഭക്തനാണ് യജമാനൻ. ഈ തിരിച്ചറിവ് തന്നെയാണ് തത്വമസി. നശ്വരമായ സുഖങ്ങൾ തേടി പോവുന്ന മനുഷ്യനെ തത്വമസി ഓതുന്ന ഈ തപോ ഭൂമിയിലേക്ക് ആകർഷിക്കുന്നത് ജാതി മത വർഗ്ഗ വേഷ ഭാഷാ ഭൂഷകൾക്ക് അതീതമായി നിലകൊള്ളുന്ന സമഭാവനയെന്ന സന്ദേശം തന്നെയായിരിക്കും.
മനുഷ്യ ജീവിതത്തിലെ മുന്നോട്ടുള്ള പ്രയാണം പോലെയാണ് ഈ കാനന യാത്രയും. ദുർഘടമായ പാതയിലൂടെ നടക്കുമ്പോൾ ഇടക്ക് തെളിയുന്ന നിരപ്പായ വഴി! ഓരോ കയ്യറ്റത്തിനും കൂടെ കാണുന്ന ഇറക്കം! ക്ഷീണിക്കുമ്പോൾ തണൽ നൽകാൻ വൻ വൃക്ഷങ്ങൾ ! ദാഹിക്കുമ്പോൾ ജലം നൽകാൻ അരുവികൾ! തളർന്നാൽ ഇരിക്കാൻ മരത്തിന്റെ വേരുകൾ! അങ്ങിനെ നമുക്ക് ചുറ്റും നിലനിൽക്കുന്ന, നാം കണ്ടില്ലെന്നു നടിക്കുന്ന അഥവാ ശ്രദ്ധിക്കാത്ത വിട്ടുകളയുന്ന ലോകമാണ് ഈ കാനന യാത്ര നമ്മെ കാണിച്ചു തരുന്നത്.അഥവാ ഓര്‍മ്മപെടുത്തുന്നത് . അടുത്തവര്‍ഷം വീണ്ടും വരാം എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അടുത്ത ദിവസം രാവിലെ തത്വമസിയുടെ മണ്ണില്‍ നിന്നും തിരിച്ചിറങ്ങി.
Leave a Reply