നമ്മള്‍ക്കു അധികം പരിചയമില്ലാത്ത, നമ്മുടെ നാടിന്‍റെ സാംസ്‌കാരിക തനിമയെ തേടിയുള്ള ഒരു യാത്രയുടെ അനുഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.ഭാരതദേശത്തിന്‍റെ സാംസ്കാരികഔന്നത്യം കിഴക്കും പടിഞ്ഞാറും നാടുകളില്‍ പോലും ബഹുമാനം ആര്‍ജിച്ചതാണ്. എന്നാല്‍ നാമറിയുന്നതും , അറിയാത്തതുമായ നിരവധി വിശ്വാസസംഹിതകള്‍ സ്വരചേര്‍ച്ചയോടെ നമ്മുടെ നാട്ടില്‍ തന്നെ നമുക്കു ചുറ്റുമായി നിലനില്‍ക്കുന്നുണ്ട്. ഒരു നാടിന്‍റെ വിശ്വാസപ്രമാണങ്ങളിലെ വൈജാത്യങ്ങളുടെയും അതിനുള്ളില്‍ അന്തര്‍ലീനമായ ഏകത്വത്തിന്റെയും നേര്‍കാഴ്ചയായി കൃത്യമായ ഇടവേളകളില്‍ നടക്കുന്ന കൂട്ടായ്മയാണ് കുംഭമേള.

പ്രധാനമായും നാലു ഇടങ്ങളിലാണ് കുംഭമേള നടക്കുക . ഹരിദ്വാര്‍ , ഉജ്ജയിനി, നാസിക്, അലഹബാദ്‌ എന്നിവടങ്ങളിലാണ് ഓരോ പന്ത്രണ്ടു വര്‍ഷങ്ങളിലും കുഭമേള നടക്കുക . ഇത്തവണ 2016 ഏപ്രില്‍ 22 മുതല്‍ മേയ് 21 വരെയുള്ള ദിവസങ്ങളിലാണ് ഉജ്ജയിനിയില്‍ കുഭമേള നടന്നത്. കുംഭമേളയെന്നത് ഒരു നാടിന്‍റെ സാംസ്‌കാരിക -ചരിത്ര-സാമൂഹിക മാനങ്ങളുള്ള കൂട്ടായ്മയുടെ നേര്‍കാഴ്ചയാണ്.

(മാതൃഭൂമി യാത്ര 2016 ജൂലൈ)

വേദകാലഘട്ടം മുതല്‍ നടന്നു വരുന്നു എന്നു വിശ്വസിക്കുന്ന സാംസ്‌കാരിക സംഗമമാണ് കുംഭമേള. എന്നാല്‍ രേഖപ്പെടുത്തിയ ചരിത്രം തുടങ്ങുന്നത് ചൈനീസ്‌ സഞ്ചാരിയായ ഹുയാങ് സാങ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ(629 -645 CE) കാലഘട്ടം മുതലാണ്‌. അലഹബാദില്‍ നടക്കുന്ന മാഘമേളയായിരുന്നു കുംഭമേളയില്‍ ഏറ്റവും പഴക്കം ചെന്നത് എന്നൊരു വിശ്വാസവുമുണ്ട്. ഹിന്ദുമത നവീകരണത്തിനായി 8ആം നൂറ്റാണ്ടില്‍ ആദിശങ്കരനാണു കുംഭമേള തുടങ്ങിയതു എന്നൊരു വാദഗതിയും ശക്തമാണ്…

കുംഭമേളയുടെ ഐതീഹ്യത്തെ കുറിച്ചു അല്‍പം പറയാം. ദേവാസുരന്മാര്‍ ചേര്‍ന്നു പാലാഴി കടഞ്ഞു അമൃത് എടുത്ത കഥയില്‍ നിന്നും തുടങ്ങുന്നതാണ് കുംഭമേളയുടെ ഐതീഹ്യപെരുമ. പാലാഴിമഥനത്തിനിടയില്‍ നാലു തുള്ളി അമൃത് ഭൂമിയില്‍ നാലു നദികളിലായി പതിച്ചു എന്നാണ് വിശ്വാസം. അസുരന്മാരില്‍ നിന്നും അമൃത് സംരക്ഷിക്കാന്‍ ദേവന്മാര്‍ അമൃതകുംഭവുമായി കടന്നുകളഞ്ഞു. 12 രാവും, 12 പകലും അസുരന്മാന്‍ ഈ കുംഭത്തിനായി അലഞ്ഞു. ദേവന്മാരുടെ 12 ദിനം മനുഷ്യരുടെ 12 വര്‍ഷത്തിനു തുല്യം എന്നാണു പറയുന്നത്. ഇതിനിടയില്‍ പല യുദ്ധങ്ങള്‍ നടന്നു. അമൃതകുംഭവുമായി പോവുകയായിരുന്ന ഗരുഡന്‍റെ കയ്യില്‍ നിന്നും നാലു തുള്ളി ഭൂമിയില്‍ നാലിടത്ത് പതിച്ചു. ഹരിദ്വാരിലെ ഗംഗയിലും, ഉജ്ജയിനിയിലെ ക്ഷിപ്രനദിയിലും, നാസിക്കിലെ ഗോദാവരിയിലും, അലഹബാദിലെ ഗംഗയമുനസരസ്വതി നദികളുടെ സംഗമസ്ഥാനത്തുമാണ് അമൃത് പതിച്ചത് എന്നാണ് വിശ്വാസം. കുംഭമേള സമയത്തെ ഇവിടങ്ങളിലെ സ്നാനം പാപകര്‍മ്മങ്ങള്‍ കഴുകിക്കളഞ്ഞ് നന്മ നിറഞ്ഞ നാളെയെ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.

ഞങ്ങളുടെ കയ്യില്‍ മൊത്തം നാലു ദിവസങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മെയ്‌ 19 നു എത്തി മെയ്‌ 22 നു തിരിച്ചു പോരുക. ആദ്യദിനം ഇന്‍ഡോര്‍ വഴി ഉജ്ജയിനില്‍ എത്തുക. തുടര്‍ന്നു ക്ഷിപ്രനദിയും പരിസരപ്രദേശങ്ങളും കണ്ടു സ്ഥലത്തെ പറ്റി ഏകദേശധാരണ ഉണ്ടാക്കാനാന്നു ഞങ്ങള്‍ മാറ്റി വെച്ചത്. അടുത്ത ദിനം അഘോരികളെയും , നാഗസന്യാസിമാരെയും കാണാന്‍ ശ്രമിക്കണം. തുടര്‍ന്നു രാംഘട്ടില്‍ ആരതി അടുത്തറിയണം. കുംഭമേളയിലെ പ്രധാന ദിവസമായ സഹിസ്നാന്‍ ആണു ശനിയാഴ്ച . അതായത് മൂന്നാം ദിവസം . അന്നു കുംഭസ്നാനവും , സന്യാസിവര്യന്‍മാരുടെ പെഷവായ്‌ (പ്രദിക്ഷണം ) കാണണം. തുടര്‍ന്നു നാലാം ദിനം തിരിച്ചു പോരണം. ഇതായിരുന്നു യാത്രയുടെ സാമാന്യരൂപം.

ഞങ്ങള്‍ ഇന്‍ഡോറില്‍ എത്തുമ്പോള്‍ സമയം രാവിലെ 9.30AM . അവിടെ നിന്നും ഉജ്ജയിനിയിലേക്ക് 56 കിലോമീറ്ററുണ്ട്. അത്രയും ദൂരം ഓടിയെത്താന്‍ വെറും 40 മിനിറ്റ് മാത്രമേ ശകടം എടുത്തുള്ളൂ. റോഡിനു ഇരുവശവും ഭൂരിഭാഗവും തരിശുഭൂമി തന്നെ. ഇതിനിടയില്‍ കൃഷിസ്ഥലങ്ങളും കാണാം. വിദ്യാഭ്യാസസ്ഥാപനങ്ങളും വഴിയില്‍ കണ്ടു. വഴിയില്‍ അധികം വീടുകള്‍ കണ്ടില്ല. പൊതുവേ വരണ്ട ഭൂമി എന്നുതന്നെ പറയാം. വൈശാഖമാസമാണ്. വര്‍ഷത്തില്‍ ഏറ്റവും ചൂടു കൂടുതല്‍ ഉള്ള മാസമാണ് മേയ്. ഞങ്ങള്‍ പോയപ്പോള്‍ 49 ഡിഗ്രി ആയിരുന്നു. ഞങ്ങളെ കൊണ്ടു പോവാന്‍ വന്ന വാഹനത്തിലേക്ക് ചാടി കയറിയതെ ഓര്‍മയുള്ളൂ. യാത്രയില്‍ കണ്ട രസകരമായ കാഴ്ച റോഡിലെ ഇരുചക്ര വാഹനങ്ങളായിരുന്നു. മിക്കവാറും വാഹനങ്ങളില്‍ 3-5 ആളുകള്‍ കാണും. മൂന്നു വലിയ ആളുകളും, 3 കുട്ടികളും അടക്കം ആറു പേരു യാത്രചെയ്യുന്ന ബൈക്കുകളും കണ്ടു. ഹെല്‍മെറ്റ്‌ എന്നു പറയുന്ന സാധനത്തെ പറ്റി ഇവിടെയുള്ളവര്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല!!

അങ്ങിനെ താമസസ്ഥലത്ത് 10.10AM മണിയോടെ എത്തി. പ്രഭാതഭക്ഷണം കുശാലായി തന്നെ കഴിച്ചു. ചായയും പൊഹയും ആയിരുന്നു വിഭവങ്ങള്‍. നമ്മുടെ അവിലിനോടു ഉപമിക്കാവുന്ന പോഹക്കു അവരുടെ പ്രഭാത ഭക്ഷണത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. തുടര്‍ന്നു ഒരു ലെസ്സിയും കഴിച്ചു. ഈ ചൂടുകാലത്ത് ഈ തൈരുവിഭവത്തിനു നല്ല രുചി തന്നെയാണ്. ചൂടു കാരണം പുറത്തെക്കു ഇറങ്ങാല്‍ ഉദേശ്യം ഒട്ടും ഇല്ലായിരുന്നു. കലശമായ യാത്രാക്ഷീണവും ഉണ്ടായിരുന്നു. അപ്പോഴും ഹോട്ടലിനു മുന്‍പില്‍ ഉള്ള ടെന്റുകളില്‍ നിന്നും ഏതോ ബാബയുടെ ഭക്തിഗാനങ്ങള്‍ ഒഴുകി വരുന്നുണ്ടായിരുന്നു.
അങ്ങിനെ വൈകീട്ടു 5PM ഓടു കൂടി പുറത്തു ഇറങ്ങി. ചൂടു കുറഞ്ഞിട്ടൊന്നുമില്ലായിരുന്നു. ഹോട്ടലില്‍ നിന്നും ജനാലയിലൂടെ നോക്കിയാല്‍ ആയിരക്കണക്കിന് ആളുകള്‍ റോഡിലൂടെ നടന്നു പോവുന്നതു കാണാമായിരുന്നു. ചെറിയ ഉറുമ്പുകള്‍ പോലെ ആളുകള്‍ നിരയായി പോവുന്നതു കണ്ടു റൂമില്‍ ഇരിപ്പുറക്കാത്തത് കൊണ്ടു മാത്രം ഇറങ്ങിയതാണ്. ക്ഷിപ്രനദിക്കരയിലേക്ക് മൂന്ന് കിലോമീറ്റര്‍ ഉണ്ട്. നല്ല വീതിയുള്ള റോഡാണ്. ആളുകള്‍ ഫുട്പാത്തുകളില്‍ കൂടിയാണ് നടക്കുന്നത്.ഇറിക്ഷകള്‍ കിട്ടുമെന്നു കേട്ടെങ്കിലും ഒന്നും കണ്ടില്ല. ഒരു സാദാഓട്ടോയില്‍ കയറി. കുറച്ചു കഴിഞ്ഞപ്പോഴേക്കും റോഡ്‌ ബാരിക്കേഡുകള്‍ വച്ചു തടഞ്ഞിരുക്കുന്നത് കണ്ടു. ഇനിയും രണ്ടു കിലോമീറ്റര്‍ നടക്കണം- അതും ഈ ചൂടില്‍ ! പെട്ടന്നാണ് ബൈക്കുമായി ഒരു പയ്യന്‍ വന്നത്! 50 രൂപ തന്നാല്‍ രാം ഘട്ടില്‍ എത്തിച്ചു തരാം എന്നു പറഞ്ഞതു. രണ്ടു ബൈക്കിലായി നാലു പേരെയും നദികരയില്‍ എത്തിക്കും. ചാടിക്കയറാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. ഇപ്പോള്‍ ബൈക്ക് മാത്രമാണ് കടത്തി വിടുന്നത്. നാളെ അതും ഉണ്ടാവാന്‍ സാധ്യതയില്ല.

13 അഘാരകളാണ് കുംഭമേളയുടെ താക്കോല്‍ സ്ഥാനത്ത് നില്‍ക്കുന്നത്. സുരക്ഷാപരമായ ചുമതലകള്‍ക്കു പോലീസും പട്ടാളവുമുണ്ട്. കോടികണക്കിന് ആളുകള്‍ വരുന്ന പരിപാടി ആയിട്ടു പോലും അനാവശ്യമായ സെക്യൂരിറ്റി ചെക്കുകള്‍ വെച്ചു പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത അധികൃതര്‍ക്ക് നന്ദി. ക്ഷിപ്ര നദിക്കരയിലേക്ക് പോവുന്നവര്‍ക്കും വരുന്നവര്‍ക്കും ഉള്ള റോഡുകള്‍ ബാരിക്കേഡു കെട്ടി തിരിച്ചിട്ടുണ്ട്. അതു തെറ്റിക്കുന്നവരെ നിയന്ത്രിക്കാന്‍ ആവശ്യത്തിലധികം പോലീസുകാരുണ്ട്. ഇതിനു പുറമെ ഓരോ നൂറുമീറ്ററിലും നമ്മളെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുണ്ട്. എത്രമാത്രം ഒരുക്കങ്ങള്‍ ഈ കൂട്ടായ്മക്കായി ഒരുക്കിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും.

ആര്‍ക്കും ബഹുമാനം ജനിപ്പിക്കുന്നതാണ് മേളയുടെ നടത്തിപ്പ്. മേള ഒരു കച്ചവടകേന്ദ്രം ആക്കി മാറ്റാന്‍ അധികൃതര്‍ തയ്യറാവാത്തിടത്തുനിന്നാണ് ഈ വിജയം തുടങ്ങുന്നത് എന്നു തോന്നുന്നു. സാധാരണ വെള്ളകുപ്പികള്‍ക്ക് പോലും ഇത്തരം സ്ഥലങ്ങളില്‍ പൊള്ളുന്ന വില ആയിരിക്കും. എന്നാല്‍ ഇവിടെ MRP റേറ്റില്‍ കൂടുതലാക്കി വില്‍ക്കാന്‍ അവര്‍ തയ്യാറല്ല. എന്തിനും സജ്ജമായ ഡോക്ട്ടര്‍മാരും, പോലീസുകാരും, കമാന്‍ണ്ടോസും, സന്നദ്ധപ്രവര്‍ത്തകരുമാണ് ഈ കുംഭമേളയുടെ അഭിമാനം. അതുപോലെ ഒരിടത്തും മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് കണ്ടില്ല. മാത്രമല്ല കോടികണക്കിന് ആളുകള്‍ വന്നിട്ടും ക്ഷിപ്രനദി വൃത്തിയാക്കി കൊണ്ടു നടക്കുന്നത്തിനുള്ള ശ്രദ്ധ കാണുമ്പോള്‍ അത്ഭുതം തോന്നും. സംസ്ഥാന സര്‍ക്കാര്‍ എല്ലാരീതിയിലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

അഘാര/അഖാഡകളെ കുറിച്ചു അല്‍പം പറയേണ്ടതുണ്ട്. ധര്‍മ്മസംരക്ഷണത്തിനായാണ് അഘാരകള്‍ എന്നാണ് പറയുന്നത്. ആയുധപരിശീലനം പ്രാചീനകാലത്ത് അഘാരകളില്‍ സാധാരണമായിരുന്നു. 13 അഘാരകളാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. വടക്കെ ഇന്ത്യമുതല്‍ ഗോദാവരി നദിവരെയുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് ഈ അഘാരകള്‍. ഇതില്‍ ഏഴ്‌ എണ്ണം ശൈവവിശ്വാസധാരയിലും, 5 എണ്ണം വൈഷ്ണവ വിശ്വാസധാരയിലും, 3 എണ്ണം സിഖ് വിശ്വാസപ്രമാണങ്ങളിലുമാണ് നിലകൊള്ളുന്നതാണ്. ഓരോ അഘാരയും ഓരോ സന്യാസസഭകളാണ്. ആരാധനാക്രമങ്ങളും, കൊടിയും എല്ലാം വ്യത്യസ്തമാണവ. സന്യാസിമാരുടെ നെറ്റിയിലെ കുറികളില്‍ നിന്നു പോലും നമുക്കു അവരെ തിരിച്ചറിയാം. ക്ഷിപ്രനദിയിലെ കുളിക്കും ഉണ്ട് വ്യത്യാസം. ശങ്കരാചാര്യര്‍ നിര്‍വചിച്ച ഏഴു ശൈവരുടെ സ്നാനം ഉജ്ജയിനിയില്‍ ദട്ടഘട്ടിലാണ്. എന്നാല്‍ വൈഷ്ണവരും, സിഖ് വിശ്വാസപ്രമാനങ്ങളില്‍ നിന്നും വന്ന സന്യാസശ്രേഷ്ഠരുടെയും സ്നാനം രാംഘട്ടിലാണ്. നിര്‍വാണി (അയോധ്യ),നിര്‍മോഹി (മധുര), ദിഗംബര്‍(സബര്‍കന്ത) എന്നിവരാണ് വൈഷ്ണവധാരയില്‍ പെടുന്നവര്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ അവിടെ രണ്ടു തരം സന്യാസിമാരെയാണ് കണ്ടത്. കള്ള സന്യാസിമാരും, നല്ല സന്യാസിമാരും. കള്ളനാണയങ്ങള്‍ ആയിരുന്നു കൂടുതലും. കുറച്ചു വിദേശശിഷ്യന്മാര്‍/ശിഷ്യകള്‍ ഉണ്ടെങ്കില്‍ കള്ളനാണയങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ കിട്ടുന്നുണ്ടോ എന്നു തോന്നിപോയി. ഇതിനിടയില്‍ കള്ളനാണയങ്ങളെ തിരിച്ചറിയാനും എളുപ്പം അല്ല.
അടുത്ത ദിവസം ഉച്ച സമയത്ത് ഞാനും, വിവേകും കൂടി അടുത്തുള്ള ആശുപത്രിയില്‍ കയറി. ഇത്തരം യാത്രകളില്‍ ഗൂഗിളില്‍ നിന്നും, പത്രങ്ങളില്‍ നിന്നും ലഭിക്കുന്ന ആധികാരിക വിവരത്തെക്കാള്‍ സാധാരണ ഗുണം ചെയ്യുക അതാതു പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ക്കാണ്. അതു കൊണ്ടാണ് ആശുപത്രിയില്‍ കയറിയത്. മലയാളി സ്റ്റാഫ് ഇല്ലാത്ത ആശുപത്രി ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എവിടെയും കാണില്ല. സംഭവം വിജയിച്ചു!
രണ്ടാമത്തെ ദിവസം വൈകീട്ടു ഞങ്ങള്‍ ക്ഷിപ്രനദിയിലെ ആരതി കാണുക എന്ന ഉദ്ദേശ്യതോടെയാണ് ഇറങ്ങിയത്. പകല്‍ മുഴുവന്‍ ഉറങ്ങുകയായിരുന്നു. വൈകീട്ടു നാലിന് തന്നെ ഇറങ്ങി. രാംഘട്ടു വരെ നടന്നു. ഇടക്ക് ജന്തര്‍ മന്ദിര്‍ ,വേദശാല, മഹകലേശ്വര്‍ ക്ഷേത്രം എന്നിവ കണ്ടു. പോകുന്ന വഴിയില്‍ ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന നാമജപം താനെയായിരുന്നു പ്രധാനമായും കേട്ടതു. വഴിയില്‍ സെക്യൂരിറ്റി വാഹനം അല്ലാതെ വേറെ ഒരു വാഹനവും കണ്ടില്ല. വൈകീട്ടു 7 PM മണിക്കാണ് ആരതി. ഗംഗാആരതി പോലെ ക്ഷിപ്രനദിയിലെ ആരതിയും പ്രസിദ്ധമാണ്. ആരതിയുടെ അടുത്തു തന്നെ നില്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആ നിമിഷങ്ങള്‍ സമ്മാനിച്ച അനുഭൂതി അനിര്‍വചനീയമായിരുന്നു!!! മുന്നില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരതി ഉഴിയുന്ന പുരോഹിതര്‍… ചുറ്റും പഞ്ചാക്ഷരി മന്ത്രം ചൊല്ലികൊണ്ടു ഭക്തര്‍… അതിനിടയില്‍ ക്യാമറയുമായി ഞങ്ങളും … ആരതി ദര്‍ശനത്തില്‍ ഏറ്റവും സന്തോഷവാന്‍ തരുണ്‍ ആയിരുന്നു. അവനു നല്ല പടങ്ങള്‍ എടുക്കാന്‍ പറ്റി.

സന്നദ്ധപ്രവര്‍ത്തകരുടെ കാര്‍ക്കശ്യപെരുമാറ്റം കണ്ടത് നദികരയിലാണ്. ചെരുപ്പിട്ടു നദിയില്‍ ഇറങ്ങാന്‍ ആരെയും സമ്മതിക്കില്ല. മാത്രമല്ല സോപ്പ് നദിക്കരയില്‍ പോലും അടുപ്പിക്കില്ല. വെള്ളം കേടുവരാതെ സൂക്ഷിക്കാന്‍ സംഘാടകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്.

നാഗസന്യാസിമാര്‍ ആയിരുന്നു മറ്റൊരു ആകര്‍ഷണം. ഉപഭോഗ കേന്ത്രീകൃതമായ നമ്മുടെ സാമൂഹ്യജീവിതത്തില്‍ നിന്നും വളരെ വിഭിന്നമാണ് അവരുടെ ജീവിതശൈലി. ഹിമാലയസാനുക്കളിലാണ് താമസം എന്നു പറയപെടുന്നു. കുംഭമേള സമയത്തു മാത്രമേ അവര്‍ക്ക് പൊതുജന സമ്പര്‍ക്കം കാണൂ. ദേഹം മൊത്തം ഭസ്മം പൂശിയാണ് അവര്‍ നടക്കുക. അവരുടെ ജട പിടിച്ച മുടിയും പെട്ടെന്നു ശ്രദ്ധ ആകര്‍ഷിക്കും. ഇവിടെ അവരെ പ്രധാനമായും കണ്ടത് ഭൂഖിമാതാ ക്ഷേത്രത്തിനു അടുത്തായിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന സംഗീതത്തിന് ഒരു പ്രത്യേകഈണമുണ്ട്. ആരെയും ആകര്‍ഷിച്ചു പോവുന്ന ഒരു താളം(ട്രാന്‍സ് മ്യൂസിക്‌)!!! പറഞ്ഞു അറിയിക്കാനാവാത്ത ഒരു ശക്തിപ്രവാഹം!!!! “നാന്‍ കടവുള്‍” എന്ന സിനിമയില്‍ സംവിധായകന്‍ ബാല ഈ സംഗീതത്തിന്റെ സാധ്യതകള്‍ കുറച്ചൊക്കെ ഉപയോഗപെടുത്തിയിട്ടുണ്ട്. അതുപോലെ നാഗാബാബമാര്‍ക്ക് യോഗയിലുള്ള പ്രാവീണ്യം എടുത്തു പറയേണ്ടതു തന്നെയാണ്. നാഗസന്യാസിമാര്‍ മരണഭയമില്ലാത്ത യോദ്ധാക്കള്‍ ആയാണ് കരുതപെടുന്നത്.
നാഗസന്യാസിമാരെ പറ്റിയുള്ള ഞങ്ങളുടെ ഒരു പാടു ധാരണകള്‍ മാറ്റുന്നതായിരുന്നു ആ കൂടികാഴ്ച. നാഗസന്യാസിമാരും, അഘോരികളും ഒന്നല്ല എന്ന സത്യം തിരിച്ചറിഞ്ഞു! നാഗ സന്യാസിമാര്‍ അഘാരയുമായി ബന്ധപെട്ടാണ് ജീവിക്കുക. എന്നാല്‍ അഘോരികള്‍ ശവപറമ്പുകളിലാണ് താമസിക്കുക. രണ്ടു കൂട്ടരും മാംസം ഭക്ഷിക്കുമെങ്കിലും അഘോരികള്‍ മാത്രമേ മനുഷ്യ മാംസം ഭക്ഷിക്കൂ. നാഗസന്യാസിമാര്‍ പൂര്‍ണ്ണ നഗ്നരായിരിക്കും. എന്നാല്‍ അഘോരികള്‍ മൃഗത്തിന്‍റെ തോലു കൊണ്ടു അരക്കെട്ടു മറക്കും. മാത്രമല്ല മനുഷ്യന്‍റെ തലയോട്ടി അവരുടെ പാനപാത്രവുമാണ്.

രാത്രി ഏകദേശം 11PM മണി വരെ ഞങ്ങള്‍ നദികരയില്‍ ചിലവഴിച്ചു. ഞങ്ങള്‍ തിരിച്ചു പോകുന്ന സമയത്തും ജനത്തിന്‍റെ നദീതടത്തിലേക്കുള്ള ഒഴുകിക്കിനു ശമനമൊന്നുമില്ല. ഇപ്പോള്‍ ആ ഒഴുക്കിന്‍റെ വേഗത വളരെ കുറവാണ്. എന്നാല്‍ ഒഴുക്കിന് ഒരു താളമുണ്ട്.ഓരോ ഘട്ടിനു സമീപമെത്തുന്ന സമയത്തും ശബ്ദം കൂടി വരുന്ന താളം. അതിന്‍റെ പാതയില്‍ എവിടെയെങ്കിലും പെട്ടാല്‍ നമ്മളെയും ആ ഒഴുക്ക് അതിന്‍റെ ഭാഗമാക്കി കൊണ്ടു പോവും- നദിയിലെ ചുഴിയില്‍ പെട്ടുപോവുന്ന അവസ്ഥ. പലപ്പോഴും അത്തരം ചുഴികളില്‍ നിന്നും കഷ്ട്ടിച്ചാണ് രക്ഷപെട്ടത്. ‘ഹര്‍ ഹര്‍ മഹാദേവ്’, ‘ക്ഷിപ്ര മയ്യാ കീ ജയ്’ , ‘ജയ് മഹാകാല്‍’ എന്നിങ്ങനെയുള്ള ജപങ്ങളായിരുന്നു പ്രധാനമായും കേട്ടത്.

ഞങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് പെഷവായ്‌ കാണാനായി ഇറങ്ങി. ഉറക്കം കഷ്ട്ടിച്ചു രണ്ടു മണിക്കൂര്‍ മാത്രം. പെഷവായ്‌ എന്നു പറഞ്ഞാല്‍ അഘാരകളിലെ സന്യാസിസമൂഹങ്ങള്‍ കുളിക്കാന്‍ ഘോഷയാത്രയായി വരുന്നതാണ്. ആനപ്പുറത്തും, ഒട്ടകപ്പുറത്തും, കുതിരപ്പുറത്തുമാണ് വരവ്. കൂടെ നഗ്നരായ നാഗസന്യാസിമാരും സംഘമായി കാണും. അഘാരകളില്‍ നിന്നും സംഘമായാണ് ഇവരുടെ വരവ്.കുംഭമേളയിലെ ഒരു പ്രധാന ചടങ്ങ് ആണിത്. ശൈവര്‍ ദട്ടഘട്ടില്‍ ആണു സ്നാനം നടത്തുക. എന്നാല്‍ വൈഷ്ണവരും,സിഖ് ബാബമാരും രാംഘട്ടില്‍ സ്നാനം നടത്തും. ഇവര്‍ കുളിച്ച ശേഷമേ പൊതുജനം ഘട്ടുകളില്‍ കുളിക്കാന്‍ ഇറങ്ങൂ. എല്ലാ റോഡും റോമിലേക്ക് എന്നു പറയുന്നത്‌ പോലെ, എല്ലാ റോഡും രാംഘട്ടിലേക്ക് ആയിരിക്കും ആ സമയം.നേരത്തെ പറഞ്ഞ പോലെ ഞങ്ങളുടെ താമസസ്ഥലത്തുനീന്നും മൂന്നു കിലോമീറ്റര്‍ ആണു അങ്ങോട്ടു ഉള്ളത്. നേരെയുള്ള വഴി പോയാല്‍ അവിടെ ഇന്നു എത്താനാവില്ല എന്നു പെട്ടെന്നു തന്നെ മനസിലായി. മുന്നോട്ടു നീങ്ങാനെ ആവുന്നില്ല. ജനസാഗരം എന്നു പറയുന്നത് എന്താണെന്നു അനുഭവിച്ചറിഞ്ഞു. ഞങ്ങള്‍ ഇവിടെ വന്നതിനു ശേഷം ഇതിനകം രണ്ടു തവണ രാംഘട്ടില്‍ പോയിട്ടുണ്ട്. അതു കൊണ്ടു തന്നെ വഴികളെ കുറിച്ചു നല്ല ധാരണ ആയിട്ടുണ്ട്‌. പൊതുജനത്തിന് പ്രധാനമായും 2 വഴികള്‍ ആണുള്ളത്- ഒന്നു ജന്ദര്‍മന്തര്‍ വഴി നേരെ ഘട്ടിലേക്ക്. മറ്റൊന്ന് റെയില്‍ ക്രോസ് ചെയ്തു മഹാകലെശ്വര്‍ അമ്പലത്തിനു മുന്നിലൂടെയുള്ള വഴി. ഇന്നു ഈ രണ്ടു വഴിയും പോയിട്ടു കാര്യമില്ല. തലേന്ന് രാത്രി 11 മണിക്കാണ് മഹാകലെശ്വരില്‍ നിന്നുംഞങ്ങള്‍ തിരിച്ചു പോന്നത്. ഈ തിരക്ക് കണ്ടപ്പോളാണ്‌ ഇന്നലെ തിരിച്ചുപോന്നത് അബദ്ധം ആയെന്ന തിരിച്ചറിവ് ഉണ്ടായതു. വിഷ്ണുരാജ് അതു ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു-‘രാത്രി അവിടെ നിന്നാല്‍ മതിയായിരുന്നു.’

ക്ഷിപ്രനദിയില്‍ സ്നാനത്തിനായി 13ഘട്ടുകള്‍(കുളി കടവുകള്‍) ആണു ഉള്ളത്. ഇതില്‍ ഏറ്റവും പഴക്കം ചെന്നത് രാംഘട്ടാണ്. അവിടെയും അതിനു എതിര്‍വശത്തുള്ള ദട്ട ഘട്ടിലുമാണ് അഘോരികളും, നാഗസന്യാസിമാരും അടങ്ങുന്ന അഘാരയില്‍ നിന്നുള്ളവര്‍ സ്നാനം ചെയ്യുക. അതിനു ശേഷമേ പൊതു ജനത്തിനു അങ്ങോട്ടു പ്രവേശനം ഉള്ളൂ. ജനം മുഴുവന്‍ രാം ഘട്ടില്‍ എത്താമെന്ന വിശ്വാസത്തില്‍ ബഹളം ഉണ്ടാക്കാതെ മന്ദം മന്ദം നീങ്ങുകയായിരുന്നു. എന്നാല്‍ ഈ തിരക്കില്‍ ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗ്ഗം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഘട്ടുകളെ കുറിച്ചു ആദ്യദിനം തന്നെ ഒരു ധാരണ ഉണ്ടാക്കിയിരുന്നു. രാംഘട്ടിനു താഴെയാണ് നര്‍സിംഗ് ഘട്ട് . അതിനു താഴെ ഭൂഖിമാതാ ഘട്ട്. അതിനു ശേഷം ചിന്താമന്‍ ഘട്ട്. തുടര്‍ന്നു ഗാവുഘട്ട്. രാംഘട്ടിനു മുകളില്‍ കേദാര്‍ഘട്ട്. തുടര്‍ന്നു സുനഹരിഘട്ട്, കബീര്‍ ഘട്ട്, വാത്മീകിഘട്ട് അങ്ങിനെ പോവുന്നു ഘട്ടുകള്‍.

ജന്ദര്‍മന്തര്‍ കഴിഞ്ഞു ഇടത്തോട്ടു പോയാല്‍ ഗാവുഘട്ട്. അധികം ആളുകള്‍ ഗാവു ഘട്ടിലേക്ക് പോവുന്നില്ല. എല്ലാവരുടെയും അന്വേഷണം രാംഘട്ടിലേക്ക് ഉള്ള വഴിയാണ്. ഞങ്ങള്‍ രണ്ടും കല്‍പിച്ചു ഗാവുഘട്ടിലേക്ക് തിരിച്ചു. നദിക്കരയിലൂടെ പോയാലെ ഇനി എന്തെങ്കിലും സാധ്യതയുള്ളൂ. നദി വളഞ്ഞു പിണഞ്ഞാണു പോവുന്നത്. റോഡിനെ അപേക്ഷിച്ച് ദൂരം കൂടും. പക്ഷെ വേറെ മാര്‍ഗ്ഗമില്ല. റോഡ്‌ മൊത്തം ജനനിബിഡമാണ്. വിചാരിച്ച പോലെ തന്നെ ഗാവുഘട്ടില്‍ വലിയ തിരക്കില്ല. അവിടെ നിന്നും മറ്റു ഘട്ടുകള്‍ കാണാം.എന്നാല്‍ ഘട്ടുകള്‍ തമ്മില്‍ ബാരിക്കേഡു വെച്ചു തടഞ്ഞിട്ടുണ്ട്. മാത്രമല്ല ഓരോ ഘട്ടിലും നദിയിലേക്ക് പ്രത്യേകം ക്യൂ തിരിച്ചു വച്ചിട്ടുണ്ട്. നമ്മള്‍ എത്തിപെടുന്ന ഘട്ടില്‍ തന്നെ കുളിക്കാള്‍ വേണ്ടിയാണിത്. ക്യൂവില്‍ കയറുന്നതിനു മുന്‍പായി നനഞ്ഞ തുണികള്‍ വിരിക്കാനും ജനത്തിനു വിശ്രമിക്കാനുമായി വിശാലമായ പറമ്പുണ്ട്. എന്നാല്‍ ഓരോ ഗട്ടിലും ഈ പറമ്പുകള്‍ തമ്മില്‍ ബാരിക്കേഡു വെച്ചു തടഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ഒരു ഘട്ടില്‍ നിന്നും മറ്റൊരു ഘട്ടിലേക്ക് ബാരിക്കേഡു കാരണം കടക്കാന്‍ പറ്റില്ല. മാത്രമല്ല കുളിക്കാന്‍ ഉള്ള ക്യൂവില്‍ കയറിയാല്‍ അതില്‍ നിന്നും പുറത്തു ഇറങ്ങാനും പറ്റില്ല. ഞങ്ങള്‍ വേറെ മാര്‍ഗ്ഗമൊന്നും കാണാത്തതു കൊണ്ടു പറമ്പിലൂടെ നടന്നു ബാരിക്കേഡുകള്‍ ചാടി കടക്കാന്‍ തുടങ്ങി. ഓരോ ഘട്ടിലും നാലു വീതം ബാരിക്കേഡുകള്‍ ചാടി കടക്കണം. ഈ ചാടുന്നത് എല്ലാം CCTV യില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ പറ്റും. പ്രൊഫഷണല്‍ അല്ലാത്ത ചാട്ടം കണ്ടായിരിക്കും അവരു ഞങ്ങളെ അവഗണിച്ചത്. വേറെ ആരും ഇങ്ങിനെ ചാടി കടക്കുന്നതു കണ്ടില്ല. എന്തായാലും അങ്ങിനെ ബാരിക്കേഡുകള്‍ കടന്നു മുന്നേറി ഞങ്ങള്‍ രാംഘട്ടു വരെയെത്തി.

ഞങ്ങള്‍ എത്തിയപ്പോളെക്കും പെഷവായ് തീരാറായി തുടങ്ങിയിരുന്നു. പെഷവായ് ദര്‍ശനം ആരിലും വിസ്മയം ജനിപ്പിക്കുന്നത് തന്നെയായിരുന്നു. പെഷവായ് അഥവാ പ്രദിക്ഷണം നടത്തുന്നതിനു ഓരോ അഘാരക്കും പ്രത്യേക റൂട്ട് നല്‍കിയിട്ടുണ്ട്. പ്രധാന വഴിത്താര നീല്‍ഗംഗ മുതല്‍ ദട്ട അഘാര വരെയുള്ള വഴിയാണ്. ഓരോ സന്യാസി സമൂഹങ്ങളും വന്‍ ഒരുക്കങ്ങള്‍ പെഷവായ്ക്കായി നടത്തിയിരുന്നു എന്നു തോന്നുന്നു. അപ്പോള്‍ മറ്റൊരു ലോകത്തേക്ക് എത്തി പോയ അനുഭവം ആയിരുന്നു. വസ്ത്രധാരണത്തിലും, രൂപത്തിലും, ഭാവങ്ങളിലുമെല്ലാം നമ്മള്‍ കണ്ടു പരിച്ചയം ഇല്ലാത്ത മനുഷ്യര്‍! വസ്ത്രം പോലും ആര്‍ഭാടം എന്നു കരുതുന്ന ജനസഞ്ചയം!

തുടര്‍ന്നു ദത്താത്രെയ അഘാര ക്ഷേത്രത്തില്‍ കയറി. ശങ്കരാചാര്യരുടെ കാലം മുതലുള്ള നിര്‍മിതിയാണ്. നമ്മുടെ നാട്ടില്‍ അമ്പലങ്ങളില്‍ നട തുറക്കുമ്പോള്‍ ഉയരുന്ന സംഗീതസാന്ത്രമായ ചടങ്ങിനു സമാനമായി ഇവിടെയുള്ള ചടങ്ങ് കണ്ടു. സംഗീത ഉപകരണങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. മയിലും, കുരങ്ങും എല്ലാം ക്ഷേത്ര അങ്കണത്തില്‍ സ്വതന്ത്രരായി വിഹരിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനു പുറത്ത് ധാരാളം സന്യാസി വര്യന്‍മാരെ കണ്ടു.അവരുടെ താമസം ടെന്റ്കളിലാണ്. ഫോട്ടോ എടുക്കാന്‍ നോക്കിയപ്പോള്‍ പലരും ക്ഷുഭിതരായി. പിന്നെ അധികം പടം എടുത്തില്ല.
നാം സൃഷ്ട്ടിച്ചിരിക്കുന്ന വിപണിയുടെയും, വാണിജ്യത്തിന്‍റെയും കിടമത്സരങ്ങളിലൂന്നിയ സാമൂഹ്യക്രമത്തില്‍ നിന്നും വിഭിന്നമായിരുന്നു ഞങ്ങള്‍ കണ്ട ഈ ബദല്‍ ലോകം. ആഗോളവത്കരണത്തിലൂന്നിയ വിപണി ഉത്പന്നങ്ങളുടെ കൈമാറ്റം പോലെ തന്നെ സംസ്കാരത്തിന്‍റെ കൊടുക്കല്‍ വാങ്ങലുകളും നടത്തുന്നുണ്ടെന്നു അഭിമാനിക്കുന്നു.എന്നാല്‍ സംഘടിതവും സ്ഥാപനവല്കൃതവുമായ വിപണിതാത്പര്യങ്ങല്‍ക്കതീതമായ ഒരു ബദല്‍ ലോകം നാമറിയാതെ , നമ്മളെ അറിയിക്കാനാഗ്രമില്ലാതെ, നമുക്കിടിയില്‍ ജീവിക്കുന്നു എന്നത് പുതിയ ഒരറിവ്‌ തന്നെയായിരുന്നു.ഒരിടത്ത് ആള്‍ദൈവങ്ങള്‍ വിപണി പിടിചെടുത്തു ഉത്പന്നങ്ങള്‍ വില്‍പന നടത്തുമ്പോള്‍, മറ്റൊരിടത്ത് ആത്മസാക്ഷാത്കാരത്തിനുള്ള പാതയില്‍ വസ്ത്രം പോലും ആര്‍ഭാടമായി കരുതുന്ന ജനതക്കു നമ്മോടു സംസാരിക്കാന്‍ പോലും താത്പര്യമില്ല.

ഒരു ജീവിതകാലഘട്ടം മൊത്തം ഓര്‍ത്തിരിക്കാവുന്ന അനുഭവങ്ങളുമായാണ് ഞങ്ങള്‍ സിംഹസ്ഥ കുംഭ മഹാപര്‍വില്‍ നീന്നും തിരിച്ചു പോരുന്നത്. ഇനിയൊരിക്കലും കാണാന്‍ സാധ്യത പോലുമില്ലാത്ത ഒരുപാടു പേരെ പരിചയപെട്ടു. കണ്ട മനുഷ്യരുടെ ആചാരങ്ങളും വിശ്വാസങ്ങളും വിസ്മയിപ്പിക്കുന്നത് തന്നെ. ഇനിയൊരു കുംഭമേളക്കു കൂടി പോവണം എന്നുറപ്പിച്ചാണ് ഞങ്ങള്‍ മടക്കയാത്ര തുടങ്ങിയത്. സംഘാടനമികവുകൊണ്ടും ജനബാഹുല്യം കൊണ്ടും,സാംസ്കാരിക തനിമ കൊണ്ടും കുംഭമേളക്കു തുല്യം വെയ്ക്കാവുന്ന മറ്റൊരു കൂട്ടായ്മ ലോകത്തില്‍ തന്നെ വേറെ ഉണ്ടോ എന്നു സംശയമാണ്.
– Basanth Ap